ബഹ്‌റൈനിലെ ഇന്ത്യന്‍ ബാങ്കും മണി എക്‌സ്‌ചേഞ്ചുകളും ഇന്ത്യന്‍ രൂപ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

01.54 PM 11/11/2016
Remittance-bank-630x354
മനാമ: ഇന്ത്യയിലെ ബാങ്കുകള്‍ 1000, 500 രൂപ നോട്ടുകള്‍ മാറ്റി നല്‍കുമ്പോഴും ബഹ്‌റൈനിലെ ഇന്ത്യന്‍ ബാങ്കോ മണിഎക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളോ ഇന്ത്യന്‍ കറന്‍സികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.

ഇതു സംബന്ധിച്ച് വിദേശ രാജ്യങ്ങളിലെ ബാങ്കുകളും മണി സ്ഥാപനങ്ങളും എന്തു ചെയ്യണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതികരണം.

മാറ്റി നല്‍കാനാവശ്യമായ നോട്ടുകളും ഇവിടെ ലഭ്യമല്ല. ബഹ്‌റൈനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1000, 500 നോട്ടുകള്‍ സ്വീകരിക്കുന്നതല്ലെന്ന് അറിയിക്കുകയും ചെയ്തു.

ഇതോടെ നോട്ടുകള്‍ മാറ്റാനെത്തിയ നിരവധി പ്രവാസികളാണ് ബഹ്‌റൈനില്‍ ദുരിതത്തിലായത്. വിവിധ മണി എക്‌സേഞ്ചുകളിലും ഇതു തന്നെയാണ് അവസ്ഥ.

ബുധനാഴ്ച രാവിലെ മുതല്‍ 500, 1000 രൂപയുടെ നോട്ടുകളുമായി നിരവധി പ്രവാസികളാണ് വിവിധ മണി എക്‌സ്‌ചേഞ്ചുകളിലെത്തിയത്.

എന്നാല്‍ തുക മാറ്റികൊടുക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ മലയാളികളടക്കമുള്ളവര്‍ ഇവിടെ ജീവനക്കാരോട് തട്ടികയറിയതായും റിപ്പോര്‍ട്ടുണ്ട്.

നാട്ടില്‍നിന്ന് അവധി കഴിഞ്ഞു വരുമ്പോള്‍ പലരും ഇന്ത്യന്‍ രൂപ കയ്യില്‍ കരുതുന്നത് സാധാരണമാണ്. പ്രവാസികള്‍ക്ക് ഇത്തരത്തില്‍ 25,000 രൂപ വരെ കൊണ്ടു വരാന്‍ നിയമം അനുവദിക്കുന്നുമുണ്ട്.

നോട്ടുകളുടെ കനം കുറയ്ക്കാനായി മിക്കവരും 500, 1000 നോട്ടുകളാണ് ഇവിടേയ്ക്കു കൊണ്ടുവരാറുള്ളത്.

പെട്ടെന്ന് ഈ നോട്ടുകള്‍ അസാധുവാക്കിയതറിഞ്ഞ് കൈവശമുള്ള പണം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. നാട്ടിലുള്ളവര്‍ക്ക് ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെ കാലാവധി ഉണ്ടെങ്കിലും ഈ കാലയളവിനുള്ളില്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് മാത്രമേ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ.
ഈ കാലയളവില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ നാട്ടില്‍ പോകുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ചിലര്‍.

നാട്ടില്‍ പോകുന്നവരാകട്ടെ ഒരു പരിധിയിലധികം നോട്ടുകള്‍ സ്വീകരിക്കാനും തയ്യാറാകുന്നില്ലെന്ന് ഒരു പ്രവാസി മലയാളി സുപ്രഭാതത്തോടു പറഞ്ഞു.