ബാബ ആംതെയുടെ ചരമവാര്‍ഷികം ഇന്ന്

കുഷ്ടരോഗികളുടെ ആശ്രയം ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം
കെ.പി വൈക്കം
10:11am 09/2/2016
baba-amte_09022008

കുഷ്ടരോഗികളുടെ ആശ്രയവും അഭയവുമായിരുന്ന ബാബ ആംതെ മരിച്ചിട്ട് ഇന്ന് എട്ട് വര്‍ഷം തികയുന്നു. സമൂഹം വേറുപ്പോടെയും അറപ്പോടെയും മാത്രം കണ്ടിരുന്ന കുഷ്ടരോഗികളുടെ ഇന്നമനത്തിനായി ഉഴിഞ്ഞുവച്ചതായിരുന്നു മുരളീധര്‍ ദേവദാസ് ആംതെ എന്ന ബാബാ ആംതെയുടെ ജീവിതം. വിദര്‍ഗ എന്ന സ്ഥലത്ത് ആനന്ദവന്‍ എന്ന പേരില്‍ ഒരു ചെറിയ കുടില്‍ കെട്ടി അതില്‍ ആറ് കുഷ്ഠരോഗികളെ പാര്‍പ്പിച്ചാണ് തന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ബാബ ആതെ തുടക്കം കുറിച്ചത്.
മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ ഹിംഗന്‍ഘട്ടിയ എന്ന സ്ഥലത്ത് 1914 ഡിസംബര്‍ 26 ന് ആംതെ ജനിച്ചത്. യാഥാസ്ഥിതിക ജന്മികുടംബമായിരുന്നു ആംതെയുടേത്. 1936ല്‍ നാഗ്പൂരില്‍നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അഭിഭാഷകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഈ സമയത്ത് സ്വാതന്ത്ര്യസമരത്തിലും ആംതെ സജീവമായിരുന്നു. തന്റെ ജോലിസ്ഥലത്തുനിന്നുള്ള മടക്കയാത്രയില്‍ യാദൃശ്ചികമായി രാത്രിയിലെ കോരിച്ചൊരിയുന്ന മഴയില്‍ വഴിയരികില്‍ നിസഹായനും മരണാസന്നനുമായി നിലവിളിക്കുന്ന ഒരു കുഷ്ഠരോഗിയാണ് ആംതെ എന്ന അഭിഭാഷകന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്.
ഈ അനുഭവമാണ് അദ്ദേഹത്തെ സമൂഹത്തില്‍നിന്നും പുറന്തള്ളപ്പെടുന്ന കുഷ്ഠരോഗികളുടെ സേവനത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കുന്നതിനു പ്രേരിപ്പിച്ചത്. തന്റെ ആഗ്രഹം സഹധര്‍മ്മിണിയായ സാധനയെ അറിയിച്ചപ്പോള്‍ സന്തോഷത്തോടുകൂടി അവര്‍ അത് സ്വാഗതം ചെയ്തു. അതോടെ ലോകം കണ്ടത് ഭാരതം ജന്മം നല്‍കിയ ഏറ്റവും വലിയ മനുഷ്യ സ്‌നേഹികളിലൊരാളായ ബാബാ ആംതെ എന്ന നിസ്വാര്‍ഥനായമനുഷ്യന്റെ കര്‍മ്മപഥങ്ങളിലൂടെയുള്ള യാത്രയായിരുന്നു.
കുഷ്ടരോഗികളുടെ പരിചരണത്തിനായി കല്‍ക്കത്തയില്‍ നിന്നും കുഷ്ഠരോഗ ചികിത്സയില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അന്നത്തെ ബോംബെ സംസ്ഥാനത്തെ ആദിവാസി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ധാരാളം ഗ്രാമങ്ങളില്‍ സൗജന്യമായി കുഷ്ഠരോഗ ചികിത്സ നടത്തി. ചുരുങ്ങിയ കാലയളവില്‍ത്തന്നെ നാലായിരത്തോളംപേര്‍ ഇദ്ദേഹത്തിന്റെ ചികിത്സയില്‍ രോഗവിമുക്തരായി. എന്നാല്‍ രോഗം ഭേദമായവരെ തിരികെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ തയാറാകാതെ വന്നതോടെ പുനഃരധിവാസത്തിലേക്കു അദ്ദേഹം കടന്നു. സര്‍ക്കാര്‍ വറോറ പട്ടണത്തിനടുത്ത് വിദര്‍ഗ എന്ന സ്ഥലത്ത് പുനഃരധിവാസ കേന്ദ്രം സ്ഥാപിക്കാനായി നല്‍കിയ 50 ഏക്കര്‍ വനഭൂമിയില്‍ 1951 ല്‍ തന്റെ 36 മത്തെ വയസില്‍ കുഷ്ഠരോഗം മാറിയ ആറുപേരും അവരുടെ കുടുംബാംഗങ്ങളുമായി ആരംഭിച്ച ആനന്ദവന്‍ ഇന്ന് 1200 ഏക്കറില്‍ പരന്നുകിടക്കുന്ന ഒരു വന്‍ കാര്‍ഷിക ഗ്രാമവികസന പദ്ധതിയാണ്. ഇവിടെ രോഗികളെയും അസുഖം ഭേദമായവരെയും കൂടാതെ വികലാംഗര്‍, ബധിരര്‍, മൂകര്‍, അന്ധര്‍, അനാഥര്‍, ആദിവാസികള്‍ തുടങ്ങി ഏതാണ്ട് അയ്യായിരത്തോളം ആളുകള്‍ കഴിയുന്നു.
ഇതു കൂടാതെ നാഗ്പൂരിനടുത്ത് 1957 ല്‍ സ്ഥാപിച്ച 120 ഏക്കര്‍ വിസ്തൃതിയുള്ള അശോകവനവും ചന്ദ്രപ്പൂര്‍ ജില്ലയിലുള്ള 1371 ഏക്കര്‍ വരുന്ന സോമ്‌നാഥ് കേന്ദ്രവും 2500 ല്‍പ്പരം കുഷ്ഠരോഗികളെ പുനഃരധിവസിപ്പിക്കുന്നതിനായി ബാബയുടെ നേതൃത്വത്തില്‍ വിജയകരമായി നടപ്പാക്കിയ കാര്‍ഷിക പദ്ധതികളാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും പേരക്കിടാങ്ങളുമാണ് ഇവിടുത്തെ ആതുരശുശ്രൂഷാപ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. 1964 മുതല്‍ നട്ടെല്ലിനെ ബാധിച്ച ഗുരുതരമായ അസുഖം കാരണം അദ്ദേഹത്തിന് ഇരിക്കുവാന്‍ കഴിയുമായിരുന്നില്ല. ഒന്നുകില്‍ നടക്കുകയോ നില്‍ക്കുകയോ ചെയ്യുക, അല്ലെങ്കില്‍ നീണ്ടുനിവര്‍ന്നു കിടക്കുക ഇതുമാത്രമെ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളു.
ആരോഗ്യസ്ഥിതി മോശമായിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതസൗഹാര്‍ദത്തിനും സമാധാനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള നിരവധി സന്ദേശയാത്രകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ആദിവാസി സമൂഹങ്ങളുടെ പുനഃരധിവാസപ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് മേധാപട്കറുടെ നേതൃത്വത്തില്‍ നടക്കുന്ന ‘നര്‍മദാ ബചാവോ ആന്തോളന്‍’ എന്ന അഹിംസാത്മക സമരത്തിന്റെ ധാര്‍മികനേതൃത്വം മരണംവരെയും ബാബാ ആംതെക്കായിരുന്നു.
വിവിധ ഇന്ത്യന്‍ സര്‍വകലാശാലകള്‍ നല്‍കിയ ഓണററി ഡോക്ടറേറ്റുകള്‍ കൂടാതെ 48 പ്രമുഖ ദേശീയഅന്തര്‍ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കുന്ന ഒരു കോടി രൂപ സമ്മാനത്തുകയുള്ള രാജ്യാന്തര ഗാന്ധി സമാധാന പുരസ്‌ക്കാരവും 1999 ല്‍ അദ്ദേഹത്തിന് ലഭിച്ചു. പ്രശസ്തമായ ഈ സമ്മാനം നേടിയ ആദ്യ ഭാരതീയനായ ബാബ ആംതെ സമ്മാനത്തുക പൂര്‍ണമായി ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. നര്‍മദാ തീരത്തെ ആദിവാസികളെ കുടിയൊഴിപ്പിച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിച്ച് പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ അദ്ദേഹം തിരിച്ചുനല്‍കി. 2008 ഫെബ്രുവരി 9 ന് തന്റെ 94ാം വയസില്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.