ബാര്‍ കോഴ: സുകേശനെതിരേ എന്തു തെളിവുണ്ടെന്ന് ഹൈക്കോടതി

08:54am 8/4/2016
download (2)
കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി: ആര്‍. സുകേശന്‍, പരാതിക്കാരനായ ഡോ.ബിജു രമേശുമായി ഗൂഢാലോചന നടത്തിയതിന് എന്തു തെളിവാണുള്ളതെന്ന് ഹൈക്കോടതി.
സുകേശനെതിരായി ശേഖരിച്ച തെളിവുകള്‍ വെള്ളിയാഴ്ച ഹാജരാക്കാനും ജസ്റ്റിസ് പി.ഡി. രാജന്‍ നിര്‍ദേശിച്ചു. ബാര്‍ കോഴക്കേസില്‍ ആര്‍. സുകേശന്‍ നല്‍കിയ അന്തിമറിപ്പോര്‍ട്ട് പരിഗണിച്ച് തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി കെ.എം. മാണി സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രാഥമിക വാദം കേള്‍ക്കവേയാണ് കോടതി നിര്‍ദേശം.
സുകേശനെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പിന്നെ ഈ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തുടരുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. ഇത്തരം ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പുറത്താക്കി അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.