ബാർകോഴ കേസ്​: മാണിക്കെതിരെ കൂടുതൽ തെളിവുകൾ

07:39 PM 28/09/2016
download (11)
കൊച്ചി: ബാര്‍കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കൂടുതൽ തെളിവുകളു​ണ്ടെന്ന് സർക്കാർ സത്യവാങ്മൂലം. മാണി​ക്കെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ട്​. രണ്ട്​ സാക്ഷികൾ കൂടുതൽ തെളിവുകളുമായി എത്തിയിട്ടുണ്ടെന്നും വിജിലൻസ്​ ഹൈകോടതിയെ അറിയിച്ചു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസിൽ തുടരന്വേഷണം നടത്തണമെന്നും വിജിലന്‍സ് സത്യവാങ്​മൂലത്തിൽ അറിയിച്ചു.

അന്തിമ റിപ്പോർട്ട്​ സമർപ്പിക്കാത്തതിനാൽ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പുതിയ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സർക്കാർ സത്യവാങ്​മൂലത്തിൽ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി സമര്‍പ്പിച്ച ഹരജിയിലാണ് വിജിലൻസി​െൻറ സത്യവാങ്മൂലം.

തനിക്കെതിരെ തെളിവില്ലെന്നാണ് കെ. എം മാണിയുടെ വാദം. ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും മാണി വാദിച്ചു. കൂടുതല്‍ വാദങ്ങള്‍ക്കായി ഹരജി പരിഗണിക്കുന്നത്​ ഒക്​ടോബർ ആറാം തിയതിയിലേക്ക് മാറ്റി.