ബിജു കൃഷ്ണന്‍ സ്‌കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍

11:30am 14/7/2016
Newsimg1_32383401
Newsimg1_32383401
ചിക്കാഗോ: സ്‌കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സ്‌കോക്കി വില്ലേജ് കമ്മീഷണര്‍ ബിജു കൃഷ്ണന് അഭിനന്ദന പ്രവാഹം. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കോക്കി വില്ലേജ് ഒരു ഇന്ത്യന്‍ വംശജനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ബിജു കൃഷ്ണന്റെ പ്രവര്‍ത്തനം സ്‌കോക്കി വില്ലേജ് കന്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മറ്റിക്ക് പുതിയ ദിശാ ബോധം നല്‍കി എന്ന് മേയര്‍ ജോര്‍ജ് വാന്‍ഡ്യൂസെന്‍ അഭിപ്രായപ്പെട്ടു. ബിജുവിന്റെ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്ത്, മേയര്‍ ജോര്‍ജ് വാന്‍ഡ്യൂസെന്‍ ആണ് കന്‌സുമര്‍ അഫയേര്‍സ് കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ ആയി അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. 16 കമ്മിഷണര്‍മാരുള്ള കന്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷനില്‍ മലയാളി ആയ അനില്‍ കുമാര്‍ പിള്ളയും മെമ്പര്‍ ആണ്. ബിജു കൃഷ്ണനെ വൈസ് ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതില്‍ നിന്ന് അദ്ദേഹത്തിന്റെ കാര്യക്ഷമതയും അര്‍പ്പണ ബോധവും സ്‌കോക്കി വില്ലേജ് അധികൃതര്‍ അംഗീകരിച്ചതിന്റെ തെളിവായി കണക്കാക്കാം.

ഇല്ലിനോയ്‌സിലെ ഏറ്റവും നല്ല ഫാര്‍മേഴ്‌സ് മാര്‍ക്കറ്റിനുള്ള നോര്‍ത്ത് ഷോര്‍ മാഗസിന്റെ അവാര്‍ഡ് നേടിയ ഈ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റില്‍ രണ്ടായിരം പേരില്‍ അധികം ആണ് ശനിയാഴ്ചയും ഞായാറാഴ്ചയും പങ്കെടുക്കുന്നത്. ഇരുപത്തഞ്ചു വര്‍ഷങ്ങളായി നടക്കുന്ന വില്ലേജിന്റെ ഏറ്റവും പ്രസിദ്ധമായ ഈ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റിന്റെ നടത്തിപ്പ് സിറ്റി നല്‍കിയിരിക്കുന്നത് ശ്രി ബിജു കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഈ കന്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മിഷനാണ്.

സിറ്റി കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണര്‍ സ്ഥാനത്തിന് പുറമെ ചിക്കാഗോ ORT ടെക്‌നീക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍സ്ഥാനവും, ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ ബോര്‍ഡ് മെമ്പര്‍, ജോയിന്റ് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബിജു കൃഷ്ണന്‍ ഒരു വേദ പണ്ഡിതനും സനാതന ധര്‍മ്മ പ്രചാരകനും ആണ്. പ്രിയ കൃഷ്ണന്‍ ആണ് ഭാര്യ, മക്കള്‍ ശിവാനി, ജാനകി. ഗീതാമണ്ഡലത്തിന്റെ അഭിമാനമായ ബിജു കൃഷ്ണന് മലയാളീ സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ചു. ബൈജു എസ് മേനോന്‍ അറിയിച്ചതാണിത്.