ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

02.20 aM 04-09-2016
murder_1107
കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.തില്ലങ്കരി സ്വദേശി വിനീഷാണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകന് നേരെ തില്ലങ്കരിയില്‍ ബോംബേറുണ്ടായി മണിക്കൂറുകള്‍ക്കകമാണ് കൊലപാതകം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കണ്ണൂര്‍ ജില്ലാ ഹര്‍ത്താലിന് ആഹ്വാനം നല്‍കി.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. തില്ലങ്കരി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇടവഴിയിലാണ് തലയ്ക്ക് വെട്ടേറ്റ നിലയില്‍ ബിജെപി പ്രവര്‍ത്തകനായ വിനീഷിനെ കണ്ടെത്തിയത്. മുഴക്കുന്ന് പൊലീസെത്തി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബോംബെറിഞ്ഞ ശേഷം വെട്ടിയതാണെന്നാണ് പൊലീസിന്റെ നിഗമനം. വിനീഷിന്റെ കാലുകള്‍ ചിതറിയ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് തില്ലങ്കരിയില്‍ കാറിന് നേരെയുണ്ടായ ബോംബേറില്‍ സിപിഐഎം പ്രവര്‍ത്തകനായ ജിജോയ്ക്ക് പരിക്കേറ്റിരുന്നു. കാലിനും കൈക്കും പരിക്കേറ്റ ജിജോ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുളളിലാണ് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തില്ലങ്കരിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ആരോപിച്ച ബിജെപി ഇന്ന് ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് മാസത്തിനിടെ കണ്ണൂരിലുണ്ടാകുന്ന മൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ജൂലൈ പതിനൊന്നിന് പയ്യന്നൂരില്‍ ഒരു സിപിഐഎം പ്രവര്‍ത്തകനും ബിഎംഎസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. വീട്ടിനുളളില്‍ ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചത് കഴിഞ്ഞ മാസം ഇരുപതിനാണ്. കഴിഞ്ഞ ദിവസം പാനൂര്‍, ഇരിട്ടി മേഖലകളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ പത്തുവയസ്സുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.