ബിപിന്‍ റാവത്തിനെ കരസേന മേധാവിയായും എയര്‍ മാര്‍ഷല്‍ ബി.എസ്. ധനോവയെ വ്യോമസേന മേധാവിയായും നിയമിച്ചു.

08:40 am 18/12/2016
images
ന്യൂഡല്‍ഹി: രാജ്യത്തിന് പുതിയ കര, വ്യോമസേന മേധാവികള്‍. ലെഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ കരസേന മേധാവിയായും എയര്‍ മാര്‍ഷല്‍ ബി.എസ്. ധനോവയെ വ്യോമസേന മേധാവിയായും നിയമിച്ചു. ഡിസംബര്‍ 31ന് ഇരു മേധാവികളും സ്ഥാനമേല്‍ക്കുമെന്ന് പ്രതിരോധമന്ത്രാലയം ട്വിറ്റിലൂടെ അറിയിച്ചു.

ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിന്‍െറ പിന്‍ഗാമിയായാണ് ബിപിന്‍ റാവത്ത് സമുന്നത പദവി ഏറ്റെടുക്കുന്നത്. അരൂപ് റാഹ സ്ഥാനമൊഴിയാനിരിക്കെയാണ് വ്യോമസേന തലവനായി ധനോവ എത്തുന്നത്. സീനിയോറിറ്റിയില്‍ മുന്നിലുള്ള മലയാളിയും സതേണ്‍ കമാന്‍ഡ് തലവനുമായ ലഫ്. ജനറല്‍ പി.എം. ഹാരിസിനെയും ഈസ്റ്റേണ്‍ കമാന്‍ഡിനെ നയിക്കുന്ന ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷിയെയും മറികടന്നാണ് റാവത്തിനെ കരസേന തലവനായി നിയമിക്കുന്നത്.

ഭീകരവാദമടക്കമുള്ള വെല്ലുവിളികളെ നേരിടാനും വടക്കു കിഴക്കന്‍ ഇന്ത്യയിലെ സ്ഥിതിഗതികള്‍ നേരിടാനും എന്തുകൊണ്ടും യോഗ്യന്‍ റാവത്താണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഭീകരവാദം നേരിടുന്നതിലും നിയന്ത്രണരേഖയിലെ നടപടികളിലും ലെഫ്റ്റന്‍റ് ജനറല്‍ ഹാരിസിന് പരിചയം കുറവാണെന്നും മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. 1983ല്‍ ജനറല്‍ വൈദ്യയെ നിയമിച്ചശേഷം ആദ്യമായാണ് സീനിയോറിറ്റി മറികടന്നുള്ള കരസേന മേധാവി നിയമനം.