ബിഹാറില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 35 മരണം

04:44 am 20/9/2016
images (6)
പറ്റ്ന: ബിഹാറിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് 35 പേർ മരിച്ചു. 65 യാത്രക്കാരുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരില്‍ 11 പേര്‍ കുട്ടികളാണ്. ബിഹാറിലെ മധുബാനിയിൽ നിന്ന് സീതാ മർഹിയിലേക്ക് പോയ ബസ്സാണ് രാവിലെ പതിനൊന്നരയോടെ റോഡരികിലെ കുളത്തിലേക്ക് വീണത്. പറ്റ്നയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണ് അപകടം.

അമിത വേഗതയിലായിരുന്ന ബസ്സ് നിയന്ത്രണംവിട്ട് 25 അടി താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് ബസ് പൊക്കിയെടുത്തത്. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇത് മരണസംഖ്യ കൂടാനിടയാക്കി.
അപകടത്തെത്തുടര്‍ന്ന് പ്രകോപിതരായ ജനം റോഡ് ഉപരോധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ബിഹാർ സ‍ക്കാർ 4 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.