ബി.ജെ.പി ദേശീയ കൗൺസിൽ, സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് ,ഒ.രാജഗോപാൽ.

02:15 pm 23/9/2016
download (2)
കോഴിക്കോട്: കേരളത്തിൽ ഇദംപ്രദമമായി നടക്കുന്ന ബി.ജെ.പി ദേശീയ കൗൺസിൽ, സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് മുതിർന്ന നേതാവ് ഒ.രാജഗോപാൽ. ബി.ജെ.പിയുടെ വളർച്ച കണ്ട് ചില കേന്ദ്രങ്ങൾ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിക്ക് കേരളത്തിൽ വളരാൻ തടസമുണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞതിൽ വസ്തുതയുണ്ട്. അത് തരണം ചെയ്യാൻ തങ്ങൾക്ക് എളുപ്പത്തിൽ കഴിയുമെന്നും രാജഗോപാൽ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 15 ശതമാനം വോട്ട് വർധിച്ചു. എല്ലാ പ്രതിബന്ധങ്ങളേയും മറികടന്നുകൊണ്ടാണ് വോട്ട് നേടിയത്. യു.ഡി.എഫിനും കോൺഗ്രസിനും ആറ് ശതമാനവും എൽ.ഡി.എഫിന് മൂന്ന് ശതമാനവുമാണ് വോട്ട് നഷ്ടമായത്. വോട്ട് വർധിപ്പിക്കാൻ ബി.ജെ.പിക്ക് മാത്രമാണ് കഴിഞ്ഞത്. അത് വളർച്ചയുടെ സൂചനയാണ്.

സി.പി.എം ബംഗാളിൽ നിന്ന് പാഠം പഠിക്കുന്നില്ലെങ്കിൽ കേരളത്തിൽ പഠിപ്പിക്കുമെന്നും ഒ.രാജഗോപാൽ പറഞ്ഞു. പിണറായി സർക്കാർ ഏകപക്ഷീയമായ ആക്രമണം നടത്തുകയാണ്. കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെയും നാദാപുരത്ത് മുസ്ലിം ലീഗിന് നേരെയും ആക്രമണം നടത്തുന്നു.

പെരുമ്പാവൂരിൽ മഹിളാ മോർച്ച പ്രസിഡന്‍റ് രേണുകയെ സി.പി.എം പ്രവർത്തകർ കൊല്ലാൻ ശ്രമിച്ചു. പെരുമ്പാവൂർ സൊസൈറ്റിയിൽ മത്സരിച്ച് ജയിച്ചതിന്‍റെ പേരിലായിരുന്നു ഇത്. സി.പി.എം ആക്രമണം ദേശീയ സമ്മേളനത്തിൽ വിഷയമാകാൻ സാധ്യതയുണ്ടെന്നും ഒ.രാജഗോപാൽ അറിയിച്ചു.