11:34am 12/05/2016
തൃപ്പൂണിത്തുറയില്‍ നടന്ന എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ട്ടി നേതാക്കള്‍ ഹാരമണിയിച്ച് സ്വീകരിക്കുന്നു (ബൈജു കൊടുവള്ളി)
കൊച്ചി: കേരളത്തെ സോമാലിയയോട് താരതമ്യം ചെയ്ത വിവാദ പ്രസ്താവനയില്‍നിന്ന് പിന്മാറാതെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരള പര്യടനം പൂര്‍ത്തിയാക്കി മടങ്ങി. ഈ വിവാദത്തില്‍ മുഖ്യമന്ത്രി അയച്ച കത്ത് പരാമര്‍ശിക്കാതെയും വിമര്‍ശത്തിന് മറുപടി പറയാതെയുമായിരുന്നു കേരളത്തിലെ തന്റെ അവസാന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. അതേസമയം, കേരളം വികസനത്തില്‍ പിന്നിലാണെന്ന് തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.
മുപ്പത് മിനിറ്റിലേറെ നീണ്ട പ്രസംഗത്തില്‍ അദ്ദേഹം തന്റെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാനും സര്‍ക്കാറിന്റെ മാനവിക മുഖം ഉയര്‍ത്തിക്കാട്ടാനുമാണ് ശ്രമിച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കൈവരിച്ച പുരോഗതി കേരളമടക്കം മറ്റൊരു സംസ്ഥാനവും കൈവരിച്ചിട്ടില്‌ളെന്നും കേരളവും ബംഗാളും പുരോഗതിയില്‍ നിന്നും അധോഗതിയിലേക്ക് നീങ്ങുകയാണെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസ് മുഖമുദ്ര അഴിമതിയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേത് വികസന വിരുദ്ധതയുമാണ്. യു.പി.എ സര്‍ക്കാര്‍ കല്‍ക്കരിയുടെ ഇരുട്ടിലാണ് അഴിമതി നടത്തിയതെങ്കില്‍ കേരള സര്‍ക്കാര്‍ സോളാറിന്റെ വെളിച്ചത്തിലാണ് അഴിമതി നടത്തിയത്. കോണ്‍ഗ്രസിന്റെ മറ്റൊരു പേരായി അഴിമതി മാറി. ഇടത് പാര്‍ട്ടികള്‍ ഭരിക്കുന്നിടത്ത് ദരിദ്ര ജനവിഭാഗങ്ങളെ ദരിദ്രരാക്കിത്തന്നെ നിലനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ ഇത്തരം സംസ്ഥാനങ്ങളില്‍ ദാരിദ്ര്യവും അക്രമവും വളരുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
തങ്ങളുടെ വിദ്യാസമ്പന്നതയിലും ബൗദ്ധിക മികവിലും അഭിമാനം കൊള്ളുന്ന മലയാളികള്‍ ഇരുമുന്നണിയും ചേര്‍ന്ന് ഏറ്റുമുട്ടല്‍ നാടകം കളിച്ച് അവരെ വിഡ്ഢികളാക്കുകയാണെന്ന് തിരിച്ചറിയാത്തതില്‍ തനിക്ക് ഖേദമുണ്ട്. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും സി.പി.എമ്മും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സി.പി.എം അധികാരത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസിന്റെ അഴിമതിയും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ സി.പി.എമ്മിന്റെ അഴിമതിക്കുമെതിരെ നടപടിയെടുക്കാന്‍ തയാറാകുന്നില്ല.
അതേസമയം, രണ്ടു പാര്‍ട്ടിയായി നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കേരളത്തില്‍ മാറി മാറി അധികാരത്തില്‍ വരുന്ന സര്‍ക്കാറുകള്‍ പകുതിയോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തിയാണ് ഭരിക്കുന്നത്. ഡല്‍ഹിയിലുള്ള മലയാളി ഉദ്യോഗസ്ഥരില്‍നിന്നാണ് ഞെട്ടിക്കുന്ന ഈ വിവരം താന്‍ അറിഞ്ഞത്. പകുതിയോളം ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി എങ്ങനെ സല്‍ഭരണം നടത്തുമെന്ന് മോദി ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ആദരവും അംഗീകാരവും നല്‍കാന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു.