09:33am 13/05/2016
കോഴിക്കോട്: എ.കെ. ആന്റണിയും സീതാറാം യെച്ചൂരിയും ആരോപിക്കുന്നതു പോലെ ബി.ജെ.പിക്ക് ഒളിയജണ്ടയൊന്നുമില്ലെന്നും കേരളത്തിലെ ഇരു മുന്നണികളെയും തൂത്തെറിയലാണ് പാര്‍ട്ടിയുടെ ഏക ലക്ഷ്യമെന്നും ദേശീയ പ്രസിഡന്റ് അമിത് ഷാ. ഇരു മുന്നണികളും കേരളത്തെ പിന്നോട്ട് നയിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. മുതലക്കുളത്ത് എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിലും ബംഗാളിലുമൊക്കെ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ കേരളത്തിലാണ്. ഇവിടെ വരാന്‍ പോകുന്ന മാറ്റമാണ് ശ്രദ്ധക്ക് കാരണം. എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിനും, യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫിനും വോട്ട് ചെയ്യുകയാണ് ഇത്രയും കാലം ഇവിടെ നടന്നത്. ഈയവസ്ഥയാണ് ഇത്തവണ മാറാന്‍ പോകുന്നത്- അമിത് ഷാ പറഞ്ഞു.
രാജ്യസ്നേഹം പറഞ്ഞ് കേരളത്തില്‍ വന്ന് വികാരം കൊള്ളുകയാണ് സോണിയ ഗാന്ധി. യു.പി.എ ഭരണ കാലത്ത് കോടികളുടെ അഴിമതി നടത്തി രാജ്യം കട്ടുമുടിക്കപ്പെട്ടപ്പോള് എവിടെയായിരുന്നു ഈ സ്നേഹം. മണ്ണിലും വിണ്ണിലും പാതാളത്തിലുമായി 12ലക്ഷം കോടിയുടെ അഴിമതിയാണ് നടന്നത്. കേരളത്തിലും കോടികളുടെ അഴിമതി അരങ്ങേറി. അഴിമതി കാരണം ധനമന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. നരേന്ദ്ര മോദിയുടെ രണ്ട് വര്‍ഷത്തെ ഭരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി ചൂണ്ടിക്കാട്ടാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസും മാര്‍ക്സിസ്റ്റും കേരളത്തില്‍ പയറ്റുന്നത്. എല്‍.ഡി.എഫ് അധികാരത്തിലത്തെിയാല്‍ വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കില്ളെന്നും പ്രചാരണത്തിനു വേണ്ടി മാത്രമാണ് അദ്ദേഹത്തെ ഉപയോഗിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.