ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം

05:16 pm 6/10/2016
download (19)

ന്യൂഡൽഹി: ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും അതിനാല്‍ ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഉദാസീനത കാണിക്കുന്നു. സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ കേസിന്റെ വാദത്തിനിടെ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കുന്നതിനായി ലോധ കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ നടപ്പിലാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രത്യേക സമിതി രൂപീകരിക്കുന്നതിന്റെ സാധ്യത പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക സമിതി രൂപീകരിക്കാനുള്ള അധികാരം ബി.സി.സി.ഐക്ക്​ നല്‍കണോ അതോ ലോധ കമ്മിറ്റിക്ക് വിടണോ എന്നതിലും തീരുമാനം എടുക്കാമെന്ന് കോടതി അഭിപ്രായപ്പട്ടു. പരിഷ്‌കരണ ശുപാര്‍ശകള്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ ബി.സി.സി.ഐ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ലോധ സമിതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

തങ്ങൾ നിർദേശിച്ച ശുപാർശകൾ ബി.സി.സി.​െഎ നടപ്പിൽ വരുത്തിയിട്ടില്ല. ഇക്കാര്യം സൂചിപ്പിച്ച്​ പല തവണ ഇമെയിലുകൾ അയച്ചു. ബി.സി.സി.ഐ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും ലോധ കമ്മിറ്റി സുപ്രീം കോടതിയെ അറിയിച്ചു. ബി.സി.സി.ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ ഒരു അവസ്ഥയിലാണ് സുപ്രീംകോടതിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ലോധ കമ്മിറ്റി മാനദണ്ഡം ഉണ്ടാക്കിയതിന്​ ശേഷം മാത്രമേ സംസ്​ഥാന അസോസിയേഷനുകൾക്ക്​ 400 കോടി രൂപ വിതരണം ചെയ്യാൻ പാടുള്ളുവെന്നും ചീഫ്​ ജസ്​റ്റിസ്​ പറഞ്ഞു.

എന്തെങ്കിലും പ്രത്യേക പ്രതിഭയുള്ളവരാണോ ബി.സി.സി.ഐ.യിലുള്ളത്​. പ്രസിഡൻറ്​ അനുരാഗ് താക്കൂര്‍ അധ്യക്ഷപദവിയിൽ എത്തുന്നതിന്​ മുന്‍പ് ഒരു രഞ്ജി മത്സരമെങ്കിലും കളിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.