ബീഹാറിൽ നിതീഷ്​കുമാർ സർക്കാർ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധം ഹൈകോടതി റദ്ദാക്കി.

04:36 pm 30/9/2016

images (3)
പാട്​ന: സര്‍ക്കാറിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് പട്‌ന ഹൈകോടതി വിധിച്ചു. മദ്യം ഉണ്ടാക്കുകയോ, വിൽക്കുകയോ, കഴിക്കുകയോ ചെയ്യുന്നവർക്കെതിരെ കർക്കശമായ ശിക്ഷാ നടപടിയാണ്​ മദ്യനിരോധ ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്​. കേസിൽ ജാമ്യമില്ലാ വകുപ്പാണ്​ ചുമത്തിയിരുന്നത്​. മദ്യവുമായി ബന്ധപ്പെട്ട്​ പിടിക്കപ്പെട്ടാൽ പൊലീസ്​ സ്​റ്റേഷനിൽ നിന്നും ജാമ്യം ലഭിച്ചിരുന്നില്ല. കോടതിയിൽ നിന്ന്​ മാത്രമാണ്​ ജാമ്യം ലഭിച്ചിരുന്നത്​. നിയമത്തിലെ ഇത്തരം വ്യവസ്ഥകളെ കോടതി നിശിതമായി വിമർശിച്ചു.

സര്‍ക്കാറിന്റെ മദ്യനിരോധനത്തിനെതിരെ സർവീസിൽ നിന്നും വിരമിച്ച ജവാനാണ്​ ഹരജിയുമായി രംഗത്ത്‌ വന്നത്. സര്‍ക്കാറിന്റെ മദ്യനിരോധം പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന്​ ഹരജിയിൽ ഉന്നയിച്ചിരുന്നു. നയം സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും ഇഷ്ടമുള്ളതെന്തും കുടിക്കാനും കഴിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയത്‌. ബിഹാറിൽ മൂന്നാം തവണയും അധികാരത്തിലെത്തിയ നിതീഷ് കുമാര്‍ സര്‍ക്കാർ സ്വീകരിച്ച ആദ്യഘട്ട നയമായിരുന്നു സമ്പൂർണ മദ്യ നിരോധം. തെരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാർക്ക്​ വാഗ്​ദാനം ചെയ്​തത്​ മദ്യനിരോധം നടപ്പാക്കുമെന്നതായിരുന്നു.

മദ്യനിരോധം നടപ്പാക്കിയ ശേഷം സംസ്ഥാനത്ത്​ നിരവധി വ്യാജമദ്യ ദുരന്തങ്ങളും മരണങ്ങളും റിപ്പോർട്ട്​ ചെയ്​തിരുന്നു. ആഗസ്​റ്റിൽ ബിഹാറി​െൻറ കിഴക്കൻ മേഖലയിലെ ഗോപാൽ ഗഞ്ചിൽ വ്യാജമദ്യം കഴിച്ച്​ 17 പേരാണ്​ മരിച്ചത്​. മദ്യവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി 13,000 ത്തോളം പേർ അറസ്​റ്റിലാവുകയും ചെയ്​തിരുന്നു.

ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കിയ നാലാമത്തെ സംസ്ഥാനമായിരുന്നു ബിഹാര്‍. ഗുജറാത്ത്, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ മദ്യ നിരോധനം നിലവിലുള്ളത്.