ബൈക്ക് സവാരിക്ക് കൂടെകൂട്ടുന്ന അലിഗേറ്ററെ ഉടമസ്ഥന് വിട്ടു നല്‍കി

11:44 pm 22/12/2016

– പി.പി.ചെറിയാന്‍
Newsimg1_34030143
ഫ്‌ളോറിഡാ: മോടിയായ വസ്ത്രം ധരിച്ചു മോട്ടോര്‍ ബൈക്കില്‍ ഒപ്പം യാത്രക്ക് പുറപ്പെടുന്ന അലിഗേറ്റര്‍ റാംബൊയെ ഇനി ഉടമസ്ഥന് വീട്ടില്‍ വളര്‍ത്താം.

ആറടി നീളവും 125 പൗണ്ടു തൂക്കവുമുള്ള അലിഗേറ്ററിനെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ ഫ്‌ളോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനും, അലിഗേറ്ററിന്റെ ഉടമയും തമ്മില്‍ നിലവിലിരുന്ന കേസ്സ് ഉടമസ്ഥന് അനുകൂലമായി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്.

പത്തുവര്‍ഷമായി റാംബോയെ വളര്‍ത്തുന്നതിന് ലൈസെന്‍സുള്ള വ്യക്തിയാണ് ഉടമസ്ഥയായ മേരി തോണ്‍. സംസ്ഥാനത്തിലെ പുതിയ നിയമമനുസരിച്ച് ആറടി നീളമുള്ള അലിഗേറ്ററിനെ 2.5 ഏക്കര്‍ സ്ഥലത്താണ് വളര്‍ത്തേണ്ടതെന്ന് അനുശാസിക്കുന്നു.ഈ നിയമത്തിനെതിരായാണ് ഉടമസ്ഥ പോരാടിയത്.

ആവശ്യമായ സ്ഥലം ഉണ്ടെങ്കിലും റാംബോയെ വീടിന് വെളിയില്‍ വിടാറില്ല എന്ന് ഇവര്‍ ചൂണ്ടികാട്ടി.നാലു വയസ്സില്‍ ലഭിച്ച ഈ അലിഗേറ്ററിനെ വീടിനകത്തെ ഒരു ടാങ്കിലാണ് വളര്‍ത്തിയത്. പലപ്പോഴും ഉടമസ്ഥയോടൊപ്പം ബെഡ്‌റൂമില്‍ തന്നെയായിരിക്കും അലിഗേറ്ററിന്റെ വാസം.

ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള ചടങ്ങുകളിലും, സ്ക്കൂളുകളിലും, കണ്‍വന്‍ഷനുകളിലും മേരിയുടെ അലിഗേറ്റര്‍ പ്രത്യേക ആകര്‍ഷണമായിരുന്നു എന്നാല്‍ പുതിയ ഉത്തരവില്‍ ഇത് തടഞ്ഞിട്ടുണ്ട്.ക്രിസ്തുമസ് പ്രമാണിച്ചു എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അലിഗ്റ്ററെ കൂടെ താമസിച്ചിരിക്കുന്നതിന് ലഭിച്ച അനുമതിയെന്ന് സന്തോഷം മറച്ചുവെക്കാതെ മേരി തോണ്‍ പറഞ്ഞു.