ബ്രസീല്‍ തകര്‍ന്നു അര്‍ജന്റീനക്കും പോര്‍ചുഗലിനും ജയം

10:08 am 09/08/2016
download (5)
റിയോ: കായികമേളയെ സ്വന്തം മണ്ണും സമ്പാദ്യവുമെറിഞ്ഞ് വരവേറ്റപ്പോള്‍ ജീവവായുവായ ഫുട്ബാളില്‍ ആശ്വസിക്കാന്‍ വകയൊന്നുമില്ലാതെ ബ്രസീല്‍. അഞ്ചു തവണ ലോകകപ്പുയര്‍ത്തിയിട്ടും തൊടാനാവാത്ത ഒളിമ്പിക്‌സ് സ്വര്‍ണത്തിനായി അരയും തലയും മുറുക്കി ബൂട്ടുകെട്ടിയ മഞ്ഞപ്പടക്ക് ഒരുഗോള്‍ പോലും നേടാനാവാത്ത രണ്ടാം പോരാട്ടം. ഗ്രൂപ് ‘എ’യിലെ രണ്ടാം മത്സരത്തില്‍ ചെറുമീനുകളായ ഇറാഖിനു മുന്നിലായിരുന്നു ഗോള്‍രഹിത സമനില. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും നെയ്മറിന്റെ സംഘം ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.

ഇതോടെ, ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള പ്രവേശവും ദുസ്സഹമായി. രണ്ടു കളിയില്‍ രണ്ടു പോയന്റുമായി ബ്രസീല്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും അടുത്ത മത്സരത്തില്‍ കരുത്തരായ ഡെന്മാര്‍ക്കാണ് എതിരാളി. ആദ്യ മത്സരത്തില്‍ സമനിലയും രണ്ടാമങ്കത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 10ത്തിന് ജയിക്കുകയും ചെയ്ത ഡെന്മാര്‍ക്കിനെ വീഴ്ത്തിയില്‌ളെങ്കില്‍ ബ്രസീല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്ന മറ്റൊരു ദുരന്തത്തിന് കാനറികളുടെ നാട് വേദിയാവും.
60,000ത്തില്‍ ഏറെ കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടയിലാണ് നെയ്മറും റഫീഞ്ഞയും ഗബ്രിയേലും ഇറാഖിനെതിരെ ഇറങ്ങിയത്. ആദ്യ മിനിറ്റു മുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ ശ്രമിച്ചതല്ലാതെ കോട്ടകെട്ടിയ ഇറാഖി പ്രതിരോധം പൊളിക്കാന്‍ കഴിഞ്ഞില്ല. 90 മിനിറ്റ് കഴിയുമ്പോഴേക്കും ആര്‍പ്പുവിളിച്ച കാണികള്‍ കൂവലുകളുമായി നെയ്മറിന്റെ ടീമിനെ യാത്രയാക്കി.

ഗ്രൂപ് ‘ഡി’യില്‍ പോര്‍ചുഗല്‍ ഹോണ്ടുറസിനെ 21ന് തോല്‍പിച്ച് രണ്ടാം ജയവുമായി ക്വാര്‍ട്ടറില്‍ കടന്നു. അര്‍ജന്റീന 21ന് അല്‍ജീരിയക്കെതിരെ ആശ്വാസ ജയം നേടി. കൊറീയ, ജൊനാഥന്‍ കായേരി എന്നിവരാണ് സ്‌കോര്‍ ചെയ്തത്. അടുത്ത മത്സരത്തില്‍ ഹോണ്ടുറസിനെ തോല്‍പിച്ചാല്‍ അര്‍ജന്റീനക്ക് ക്വാര്‍ട്ടറില്‍ കടക്കാം. നിലവിലെ ചാമ്പ്യന്മാരായ മെക്‌സികോ ഫിജിയെ 51ന് തകര്‍ത്ത് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ലോകചാമ്പ്യന്മാരുടെ പിന്മുറക്കാരായ ജര്‍മനിയെ 33ന് തളച്ച് ദക്ഷിണ കൊറിയ മുന്നേറി.