ബ്രിട്ടനില്‍ സീറോ മലബാര്‍ സഭയുടെ നവ രൂപത, ആഹഌദം അണ പൊട്ടി സഭാ മക്കള്‍

10:45am 29/7/2016
– അപ്പച്ചന്‍ കണ്ണന്‍ചിറ
Newsimg1_24182331
ലണ്ടന്‍: ഇംഗ്ലണ്ടിലെ സീറോ മലബാര്‍ മക്കളുടെ സ്വന്തം രൂപത എന്ന ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടു പ്രഖ്യാപനം വന്നതിന്റെ ആഹ്‌ളാദം യു കെ യില്‍ എങ്ങും അണ പൊട്ടി ഒഴുകുന്നു. നന്ദി സൂചകമായി കൃതജ്ഞതാബലികളും,മധുരം പങ്കിടലും, സോഷ്യല്‍ മീഡിയാ പേജുകളില്‍ ന്യൂസ് ഷെയര്‍ ചെയ്തും,സന്തോഷം പ്രകടിപ്പിച്ചും യു കെ യില്‍ വിശ്വാസി സമൂഹത്തിന്റെ അണപൊട്ടിയ ആഹ്‌ളാദം സാന്ദ്രമാവുകയാണ്.

പുതിയ ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അധികാര പരിധി ഇംഗ്ലണ്ട്,വെയില്‍സ്,സ്‌­കോട്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.രൂപതകളില്‍ നിന്നും,ഇടവക ഭരണ നൈപുണ്യം ഉള്ള,അല്മായ ശാക്തീകരണ അജണ്ടകളുള്ള ഒരു ബിഷപ്പിനെ തന്നെ ലഭിക്കണമെന്ന ശക്തമായ പ്രാര്‍ത്ഥന കൂടിയാണ് പാലാ രൂപതക്കാരനായ ജോസഫ് ശ്രാമ്പിക്കലിനെ നിയുക്ത മെത്രാനായി പ്രഖ്യാപിക്കപ്പെട്ടതിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്.

ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതപേറുന്ന യു കെ യിലെ കുടിയേറ്റക്കാരായ പ്രവാസി മാര്‍ത്തോമ്മ കത്തോലിക്കര്‍ക്കിതു അനുഗ്രഹീത നിമിഷം കൂടിയാണ് സമ്മാനിക്കുക. ഇന്ത്യയിലും,റോമിലും,വത്തിക്കാനിലും,ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡിലും അടക്കം വിവിധ യുണിവേഴ്‌സിറ്റികളില്‍ നിന്നും ഉന്നത ബിരുദങ്ങളും,അംഗീകാരങ്ങളും നേടിയിട്ടുള്ള മാര്‍ ജോസഫ് പിതാവ് യു കെ യില്‍ സഭാ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാകും എന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് സീറോ മലബാര്‍ സഭാ സമൂഹം.

നാനാ ഭാഷകളില്‍ വൈദഗ്ദ്ധ്യം പുലര്‍ത്തുന്ന മാര്‍ ശ്രാമ്പിക്കല്‍ പണ്ഡിതനും,വാഗ്മിയും,അനുഗ്രഹീത വചന പ്രഘോഷകനും കൂടി ആണ്. കരുണയുടെ വര്‍ഷത്തില്‍ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ നിയോഗിച്ച കരുണയുടെ പ്രേഷിതാംഗം കൂടിയായ മാര്‍ ശ്രാമ്പിക്കല്‍ യു കെ യില്‍ സഭക്ക് ശക്തനായ ഇടയനാവും എന്ന് ഉറച്ചു പ്രതീക്ഷിക്കാം.അജപാലന ശുശ്രുഷകള്‍ക്കൊപ്പം, റെക്ടര്‍, സെക്രട്ടറി, സെമിനാരി അദ്ധ്യാപകന്‍,ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനെറ്റര്‍,ധ്യാന കേന്ദ്രം ഡയറക്ടര്‍.മെഡിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി,ജീസസ് യൂത്ത്,കരിസ്മാറ്റിക്ക് മൂവ്‌മെന്റ് സഹകാരി എന്നീ വിവിധ തലങ്ങളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ യു കെ യില്‍ സഭക്ക് ശക്തമായ നേതൃത്വം നല്‍കും.

മെത്രാഭിഷേകം ഏറ്റവും ഭക്തിനിര്‍ഭരവും,അനുഗ്രഹീതവും അവസിമരണീയവുമാക്കുവാന്‍ ഉള്ള ഒരുക്കങ്ങള്‍ക്കു ഇനി വിശ്വാസി സമൂഹം തിരിയുകയായി.