01:05pm 2/6/2016
– അപ്പച്ചന്‍ കണ്ണന്‍ചിറ
ബ്രോംലി: ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയിലെ ഈ വര്‍ഷത്തെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണ ആഘോഷം കാരുണ്യ സാന്ദ്രമാക്കിക്കൊണ്ട് യു കെ യിലെ ഇതര കുര്‍ബ്ബാന കേന്ദ്രങ്ങള്‍ക്ക് മാതൃകയാവുന്നു.
ബ്രോംലിയിലെ സീറോ മലബാര്‍ ചാപ്ലിനും കപ്പുചിന്‍ സഭാംഗവുമായ സാജു പിണക്കാട്ട് അച്ചന്‍ ബ്രോംലിയിലെ സീറോ മലബാര്‍ കമ്മ്യുനിട്ടിയെ മാതൃകാപരമായി നയിക്കുമ്പോള്‍ ഇവിടെ വിരിയുന്നത് കരുണയും, സ്‌നേഹവും, വിശ്വാസവും നിറഞ്ഞ ഒരു നല്ല സമൂഹവുമാണ്.പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തില്‍ ബ്രോംലി സീറോ മലബാര്‍ കമ്മ്യുനിട്ടി തങ്ങളുടേതായ എളിയ ത്യാഗങ്ങള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ പരസഹായത്തിലുപരി അത് സ്വര്‍ഗ്ഗത്തില്‍ സ്വരൂപിക്കുന്ന ഒരു അമൂല്യ നിക്ഷേപം കൂടിയായി.
നോമ്പു കാലത്തും എല്ലാ വെള്ളിയാഴ്ചകളിലും ടീ വിയും,ഇന്റര്‍നെറ്റും മൊബൈലും,റ്റാബും,വിഡിയോ ഗെയിംസും ഉപയോഗിക്കാത്തതിനു മാതാ പിതാക്കളില്‍ നിന്നും പ്രോത്സാഹനമായി ക്യാറ്റകിസം വിദ്യാര്‍ത്തികള്‍ക്ക് ലഭിച്ച പണവും,റോസ്,ഇസബെല്‍,ലിയോണ്‍ എന്നിവരുടെ ഫസ്റ്റ് ഹോളി കമ്മ്യുണിയന്‍ ഗിഫ്റ്റുകള്‍ പരിത്യജിച്ചും സ്വരൂപിച്ച കാരുണ്യ നിധി നാട്ടിലുള്ള ക്യാന്‍സര്‍ രോഗിയായ ഒരു കുട്ടിയുടെ ചികിത്സാ ചിലവിലേക്ക് നല്കിക്കൊണ്ടാണ് ആദ്യ കുര്‍ബാന സ്വീകരണം കാരുണ്യസാന്ദ്രമാക്കിയത്. കുട്ടികള്‍ സ്വരൂപിച്ച 1100 ഓളം പൌണ്ട് മാസ്സ് സെന്ററിലെ ചാരിറ്റി ടീം ഉടനെ തന്നെ നാട്ടില്‍ എത്തിച്ചു നല്കുന്നതാണ്.
ലഭിക്കാവുന്ന ആകര്‍ഷകമായ ഏറെ സമ്മാനങ്ങള്‍ ഉപേക്ഷിക്കുവാനുള്ള തീരുമാനം സ്വയം എടുത്ത കൊച്ചു മാലഖമാര്‍ സത്യത്തില്‍ മാതാപിതാക്കളെയും,കമ്മ്യുനിട്ടിയെയും അത്ഭുതപ്പെടുത്തി. ആന്റിമാരോടും,അങ്കിളുമാരോടും ഇക്കാര്യം രഹസ്യമായി പദ്ധതിയിട്ടതും,അറിയിച്ചതും ഈ മൂവര്‍ സംഘം തന്നെ.
സാജു പിണക്കാട്ടച്ചനും ജിന്‍സണ്‍ അച്ചനും സാജു മുല്ലശ്ശേരി അച്ചനും ചേര്‍ന്ന് ആഘോഷമായ ആദ്യ കുര്‍ബ്ബാന തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. ജിന്‍സണ്‍ അച്ചന്‍ തന്റെ വചന സന്ദേശത്തില്‍ ‘ക്രിസ്തു ആകണം നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം എന്നും,ഈശോയോടൊപ്പം നിന്ന് വളരുന്നതാവട്ടെ ഏറ്റവും വലിയ ലക്ഷ്യം എന്നും എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. മക്കള്‍ മാതാപിതാക്കളെ അനുസരിക്കണമെന്നും, മാതാപിതാക്കള്‍,മക്കള്‍ക്ക് മാതൃകയാകണമെന്നും ജിന്‍സണ്‍ അച്ചന്‍ തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുവാന്‍ നമ്മുടെ കുട്ടികള്‍ കാണിച്ച അദമ്യമായ അഭിനിവേശം എല്ലാ മക്കള്‍ക്കും മാതൃകയാവട്ടെ എന്നും അച്ഛന്‍ അഭിപ്രായപ്പെട്ടു.
റോസിന്റെ മാതാപിതാക്കളായ സിബിക്കും വിനീതക്കും, ഇസബെല്ലിന്റെ മാതാപിതാക്കളായ സുനിലിനും ലിനിക്കും, ലീയോണിന്റെ മാതാപിതാക്കളായ അനീഷിനും തുഷാരക്കും മക്കളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം അനുഗ്രഹത്തിന്റെ ധന്യ നിമിഷം പകര്‍ന്നു.
ബ്രോംലി സിറോ മലബാര്‍ അംഗങ്ങളുടെയും,ക്ഷണിക്കപെട്ട അതിഥികളുടെയും,സുഹൃത്തുക്കളുടെയും,ബന്ധുക്കളുടെയും അനുഗ്രഹ സാന്നിധ്യവും,പ്രോത്സാഹനവും,സഹകരണവും പ്രാര്‍ത്ഥനകളും തങ്ങളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണ വേളയെ കൂടുതല്‍ അനുഗ്രഹസാന്ദ്രവും സന്തോഷഭരിതവും ആക്കിയതായി റോസ്,ഇസബെല്‍,ലിയോണ്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
ആഘോഷമായ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളി ഹാളില്‍ ഏവരും ഒത്തു കൂടി കുട്ടികള്‍ക്ക് ആശംശകള്‍ നേര്‍ന്നു. വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും,സംഗീതസാന്ദ്രത നിറഞ്ഞ ഗാനമേളയും ആ ദിവസത്തെ കൂടുതല്‍ മനോഹരമാക്കുകയും ഏവരും വളരെയേറെ ആസ്വദിക്കുകയും ചെയ്തു.
Picture2