ബ്രോങ്ക്‌സ് പൊട്ടിത്തെറി: ബറ്റാലിയന്‍ ചീഫ് കൊല്ലപ്പെട്ടു

09:07 pm 28/9/2016

– പി. പി. ചെറിയാന്‍

Newsimg1_22965437
ന്യുയോര്‍ക്ക്: ചൊവ്വ രാവിലെ (സെപ്റ്റംബര്‍ 27 ) ന്യുയോര്‍ക്ക് ബ്രോങ്ക്‌സിലെ വീട്ടില്‍ തീ പിടിച്ചതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌­മെന്റ് പത്തൊമ്പതാം ഡിവിഷന്‍ ബറ്റാലിയന്‍ ചീഫ് റെമക്കിള്‍ ഫെ (44) കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇര്‍വിന്‍ അവന്യു ണ.234 സ്ട്രീറ്റിലെ വീടിനാണ് രാവിലെ തീപിടിച്ചത്. പാഞ്ഞെത്തിയ അഗ്‌നിശമന വിഭാഗം തീ അണക്കുന്നതിനിടയിലാണ് വമ്പിച്ച പൊട്ടിത്തെറിയുണ്ടായത്. വീടിന്റെ മേല്‍കൂരയടക്കം എല്ലാം തകര്‍ന്ന് താഴെ പതിക്കുകയും, കെട്ടിടാവശിഷ്ടങ്ങള്‍ റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു.

പതിനേഴ് വര്‍ഷമായി സേവനം അനുഷ്ടിക്കുന്ന മൈക്കിള്‍ 2001 ലാണ് ബറ്റാലിയന്‍ ചീഫായി ചുമതലയേറ്റത്. ഭാര്യയും പതിനൊന്നും, ആറും വയസ്സുള്ള രണ്ട് ആണ്‍ മക്കളും, എട്ട് വയസ്സുള്ള ഒരു മകളും അടങ്ങുന്നതാണ് മൈക്കിളിന്റെ കുടുംബം.

ഇതേ ഡിപ്പാര്‍ട്ടമെന്റില്‍ മൈക്കിളിന്റെ പിതാവും ബറ്റാലിയന്‍ ചീഫായി പ്രവര്‍ത്തിച്ചതിന് ശേഷം 2001 ലാണ് റിട്ടയര്‍ ചെയ്തത്.

ന്യുയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌­മെന്റിന് മൈക്കിളിന്റെ മരണം തീരാ നഷ്ടമാണെന്ന് ഫയര്‍ കമ്മീഷണര്‍ ഡാനിയല്‍ നിഗ്രൊ, മേയര്‍ ഡി ബ്ലാസിയൊ എന്നിവര്‍ പറഞ്ഞു.

ഈ സംഭവത്തോടനുബന്ധിച്ച് ന്യൂ ജേഴ്‌­സിയില്‍ നിന്നും ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരുന്നതായി പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പൊട്ടിത്തെറിയില്‍ ആറു പോലീസ് ഓഫീസേഴ്‌­സ്, രണ്ട് സിവിലിയന്‍സ്, ഒമ്പത് അഗ്‌നിശമന സേനാംഗങ്ങള്‍, മറ്റു മൂന്ന് ജീവനക്കാര്‍ എന്നിവര്‍ക്കും പരിക്കറ്റതായി പോലീസ് അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.