ബൻസാലും മകനും ആത്മഹത്യക്ക് മുമ്പ് കള്ളപ്പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട്.

10:49 am 4/10/2016

download (7)

ന്യൂഡൽഹി: കേന്ദ്രസർക്കാറിൽ ഉന്നത ഉദ്യോഗസ്ഥനായ ബൻസാലും മകനും ആത്മഹത്യക്ക് മുമ്പ് കള്ളപ്പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട്. തങ്ങളുടെ പക്കൽ 2.4കോടി രൂപ കള്ളപ്പണമുണ്ടെന്ന് യോഗേഷ് ബൻസാൽ സി.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നാണ് സൂചന.

ഇൻകം ടാക്സ് ഫയൽ ചെയ്ത രേഖകളിൽ നിന്നും യോഗേഷ് ബൻസാൽ ഒരു കോടിയോളം രൂപ നികുതിയിനത്തിൽ അടക്കണമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

എന്നാൽ, ബൻസാൽ അറസ്റ്റിലായതിന് ശേഷം ഭാര്യയും മകനും ബാങ്കിലെത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും സി.ബി.ഐ പരിശോധിച്ച് വരികയാണ്. അറസ്റ്റിലായതിന്‍റെ പിറ്റേന്ന് മാത്രം ഇവർ 19 മുതൽ 30 വരെ ബാങ്ക് ലോക്കറുകൾ സന്ദർശിച്ചുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തുടർന്ന് നടത്തിയ റെയ്ഡിൽ സ്വർണക്കട്ടികളും വെള്ളിയും പിടിച്ചെടുത്തിരുന്നു. അന്ന് നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത പണവും കണ്ടെടുത്തിരുന്നു.

സെപ്ത്ംബർ 27നാണ് ബൻസാലിനേയും മകൻ യോഗേഷ് ബൻസാലിനേയും ഫ്ളാറ്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ കൈക്കൂലി വാങ്ങിയതിന് ബൻസാലിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഭാര്യയും മകളും ജൂലൈയിൽ ആത്മഹത്യ ചെയ്തിരുന്നു.

ഭാര്യും മകളും ആത്മഹത്യ ചെയ്തതിന് പിറകെ ബൻസാലും മകനും ആത്മഹത്യ ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ബൻസാലിന്‍റെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നത് പോലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പീഡനമാണോ മരണത്തിന് കാരണമെന്നും അന്വേഷിച്ച് വരുന്നുണ്ട്.

കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ ഡയറക്ടർ ജനറലായിരുന്ന ബൻസാൽ കൈക്കൂലി കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. ബൻസാലും യോഗേഷും എഴുതിയ വിശദമായ ആത്മഹത്യാക്കുറിപ്പുകളിൽ സി.ബി.ഐ ഉദ്യോഗസ്ഥർ തങ്ങളെ നിരന്തരം അപമാനിക്കുന്നതായും കുടുംബത്തിലെ വനിതയെ പീഡിപ്പിക്കുന്നതായും പറയുന്നുണ്ട്.