ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു.

11:34 AM 22/12/2016
berlin_0
ബർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. ടുണിഷ്യൻ പൗരനായ 23കാരൻ അനിസ് അമരി എന്ന ആളുടെ ചിത്രമാണ് ബർലിൻ പൊലീസ് പുറത്തുവിട്ടത്. കുറ്റവാളിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തി.

കുറ്റവാളിയെ കുറിച്ച് വിവരം കൈമാറുന്നവർക്ക് ഒരു ലക്ഷം യൂറോ പാരിതോഷികം അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമി ആയുധധാരിയാണെന്ന മുന്നറിയിപ്പും പൊതുജനങ്ങൾക്കായി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, പൊലീസ് അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കാൻ ജർമൻ ചാൻസലർ ആഗംല മാർക്കൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ആയുധങ്ങൾ ശേഖരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അനിസ് അമരിയയെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിരുന്നു. എന്നാൽ, സംശയകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ട്രക്ക് തട്ടിയെടുത്ത അക്രമി ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടത്തുകയായിരുന്നു. സെൻട്രൽ ബെർലിനിൽ രണ്ടാം ലോക യുദ്ധസ്മാരകമായി നിലനിർത്തിയിട്ടുള്ള തകർന്ന കൈസർ വിൽഹം മെമ്മോറിയൽ ചർച്ചിന് സമീപമായിരുന്നു സംഭവം.