ഭാരതീയ ഓര്‍ത്തഡോക്‌സ് സഭയുടെ മേലദ്ധ്യക്ഷന് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ രാജകീയ വരവേല്‍പ്

11:40am 14/7/2106

ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍
Newsimg1_43189943
ഷിക്കാഗോ: ഷിക്കാഗോയില്‍ പ്രഥമ അപ്പസ്‌തോലിക് സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഉജ്വല സ്വീകരണം നല്‍കി.

ജൂലൈ 3-ന് ഞായറാഴ്ച വൈകിട്ട് 5.50-ന് പരിശുദ്ധ പിതാവും സംഘവും ബെല്‍വുഡ് വില്ലേജ് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ വില്ലേജിന്റെ പൂര്‍ണ്ണ ബഹുമതികളോടെ സ്വീകരിച്ച് സെന്റ് ചാള്‍സ് റോഡിലൂടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ഇരുപത്തിയേഴാം സ്ട്രീറ്റിയില്‍ എത്തിയപ്പോള്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ മേഖലയിലെ വൈദീകരും, വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. കൊടി, കുരിശ്, മുത്തുക്കുട, കത്തിച്ച മെഴുകുതിരി, ചെണ്ട-വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി കത്തീഡ്രലിന്റെ പ്രധാന കവാടത്തില്‍ എത്തിയപ്പോള്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്, ട്രസ്റ്റി ജോണ്‍ പി. ജോണ്‍, സെക്രട്ടറി റീനാ വര്‍ക്കി, പി.സി വര്‍ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ച് കത്തീഡ്രലിലേക്ക് ആനയിച്ചു. തുടര്‍ന്ന് പരിശുദ്ധ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ കാനോനിക നമസ്കാരവും, വാഴ്‌വും നടന്നു.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ അഭി. അലക്‌സിയോസ് മാര്‍ യൗസോബിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഫാ. ഡാനിയേല്‍ ജോര്‍ജ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട ബെല്‍വുഡ് വില്ലേജ് മേയറുടെ ആശംസാ സന്ദേശം ഏബ്രഹാം വര്‍ക്കി സദസില്‍ വായിച്ച് പരിശുദ്ധ പിതാവിനു സമര്‍പ്പിച്ചു.

അധ്യക്ഷ പ്രസംഗത്തിനുശേഷം കത്തീഡ്രലില്‍ നിന്നും ഈവര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. തുടര്‍ന്ന് പരിശുദ്ധ പിതാവ് അപ്പസ്‌തോലികാ പ്രബോധനം നല്‍കി. മാര്‍ത്തോമാശ്ശീഹായാല്‍ സ്ഥാപിതമായ ഓര്‍ത്തഡോക്‌സ് സഭയുടെ അപ്പോസ്‌തോലിക പൈതൃകം കാത്തുസൂക്ഷിക്കുവാന്‍ സഭാ മക്കള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പരിശുദ്ധ ബാവ ഓര്‍മ്മിപ്പിച്ചു. കാതോലിക്ക എന്നു പറയുന്ന സ്ഥാനിയെ രാജകീയമായി വരവേറ്റതില്‍ വിശ്വാസികള്‍ക്ക് സഭയോടുള്ള ബന്ധത്തിന്റെ ഒരു വലിയ അടയാളമാണെന്നും, സഭോയോടും പിതാക്കന്മാരോടുമുള്ള സ്‌നേഹവും ആദരവും അതിന്റെ പ്രധാന സൂചനയായി കാണുന്നുവെന്നും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ഷിബു മാത്യു എവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.

സമ്മേളനത്തിന്റെ വിജയത്തിനായി ജോണ്‍ പി. ജോണ്‍, റീനാ വര്‍ക്കി. ഷിബു മാത്യു, റേച്ചല്‍ ജോസഫ്, ഏറണ്‍ പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണി­ത്.