ഭാര്യമായുള്ള ലൈംഗികബന്ധം ബലാൽസംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസർക്കാർ

04 11 pm 30/08/2016
images (1)
ന്യൂഡൽഹി: ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാൽസംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ിച്ച കേസ് പരിഗണിക്കവെയാണ് 15 വയസിന് മുകളിലുള്ള ഭാര്യയുമായുള്ള ലൈംഗിംകബന്ധം ബലാൽസംഗമായി പരിഗണിക്കരുതെന്ന് ഡൽഹി ഹൈകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. ഒരു സന്നദ്ധസംഘടന സമർപ്പിച്ച പൊതുതാൽപര്യഹരജി പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ‍യിൽ നിലവിലുള്ള സാമൂഹ്യസാഹചര്യങ്ങൾ മൂലം ഇപ്പോഴും 18 വയസിന് താഴെയുള്ള വിവാഹങ്ങൾ നടക്കാറുണ്ട്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അസമത്വങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ ബാലവിവാഹങ്ങൾ നടക്കാറുണ്ട്. അതിനാൽ 15 വയസിന് താഴെയുള്ള ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗികബന്ധം കുറ്റകരമായി പരിഗണിക്കാതിരിക്കാനായി ഈ വകുപ്പ് നിലനിറുത്തണമെന്ന് തന്നെയാണ് സർക്കാറിന്‍റെ അഭിപ്രായമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഭരണഘടനയിലെ 375 വകുപ്പ് ലൈംഗിക ജീവിതത്തിൽ ഭർത്താവിന് അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് നൽകുന്നതെന്നാണ് ഹരജിക്കാരുടെ ആരോപണം. നിയമപരമായി വിവാഹം കഴിച്ച സ്ത്രീയോട് ഏകാധിപത്യത്തോടെ പെരുമാറാനുള്ള ലൈസൻസ് ഭരണകൂടം തന്നെ നൽകുന്നതിന് തുല്യമാണ് ഇതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഭാര്യമാർക്ക് സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശമായ ഭരണഘടനയിലെ ആർട്ടിക്ക്ൾ 21ന്‍റെ ലംഘനമാണിതെന്നും സംഘടന ഹരജിയിൽ ആരോപിക്കുന്നു.

അനുമതിയോടെ ലൈംഗിംക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി എല്ലാ സ്ത്രീകൾക്കും 18 ആണെന്നിരിക്കെ വിവാഹിതകളുടേത് 15 ആയി നിശ്ചയിക്കുന്ന സെക്ഷൻ 375 സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹരജിയിൽ പറയുന്നു.