ഭിന്നലിംഗക്കാരെ പിരിച്ചു വിടുന്നതിന് അവകാശമുണ്ട് : കോടതി

06:36 PM 29/8/2016

പി. പി. ചെറിയാന്‍
trans news
മിഷിഗണ്‍ : സ്ഥാപനങ്ങളില്‍ നിലവിലുളള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ പിരിച്ചു വിടുന്നതിന് ഉടമസ്ഥര്‍ക്ക് അവകാശമുണ്ടെന്നും ഇതു ഫെഡറല്‍ നിയമ ലംഘനമല്ലെന്നും മിഷിഗണ്‍ യുഎസ് ഫെഡറല്‍ ജഡ്ജി സീന്‍ എഫ്. കോക്‌സ് ഉത്തരവിട്ടു.

ക്രിസ്ത്യന്‍ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുളള ഫ്യൂണറല്‍ ഹോമില്‍ 2007ല്‍ പുരുഷനായി ജോലിയില്‍ പ്രവേശിച്ച ആന്റണി സ്റ്റീഫന്‍ 2013 മുതല്‍ സ്ത്രീകളുടെ വേഷം ധരിച്ചു ജോലിക്ക് ഹാജരാകുവാന്‍ തുടങ്ങിയതാണ് പിരിച്ചുവിടലില്‍ കലാശിച്ചത്. പേര് എയ്മി എന്നാക്കി മാറ്റുകയും ചെയ്തു. ഫ്യൂണറല്‍ ഹോം ഡയറക്ടര്‍ ആന്റണിക്ക് പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്നവരുമായി ഇടപെടുമ്പോള്‍ പുരുഷന്‍ സ്ത്രീ വേഷം ധരിക്കുന്നത് ഉചിതമല്ലെന്ന് ഫ്യൂണറല്‍ ഹോം ഡയറക്ടര്‍ ആന്റണിയെ പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഏഴുതി ഒപ്പിട്ട വ്യവസ്ഥയുടെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയിട്ടും വസ്ത്രധാരണത്തില്‍ മാറ്റം വരുത്താന്‍ ആന്റണി തയ്യാറായില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ പിരിച്ചു വിട്ടു. പിരിച്ചു വിടലിനെതിരെ ഈക്വല്‍ ഓപ്പര്‍ച്ച്യൂണിറ്റി എംപ്ലോയ്‌മെന്റ് കമ്മീഷണനാണ് ആന്റണിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

അമ്പത് പേജു വരുന്ന വിധി ന്യായത്തില്‍ ‘മതസ്വാതന്ത്ര്യം’ ബഹുമാനിക്കപ്പെടണമെന്നും ഉടമസ്ഥന്റെ വിശ്വാസത്തിനു എതിരായി പ്രവര്‍ത്തിക്കുന്നവരെ ജോലിയില്‍ തുടരുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. റിലിജിയന്‍ ലിബര്‍ട്ടിയുടെ വലിയൊരു വിജയമാണിതെന്ന് ഡിഫന്‍സിങ്ങ് ഫ്രീഡം വക്താവ് ഡഗ് വാര്‍ഡലൊ അഭിപ്രായപ്പെട്ടു.