ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന പാക്കിസ്ഥാനിലെ ജസ്റ്റീസിന്റെ മകനെ സൈന്യം മോചിപ്പിച്ചു

02.35 AM 20-07-2016
2016july20justice_son_avaic
ഇസ്‌ലാമാബാദ്: താലിബാന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന പാക്കിസ്ഥാനിലെ സിന്ധ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സാജിത് അലി ഷായുടെ മകന്‍ അഡ്വ. അവൈസ് ഷായെ പാക് സൈന്യം മോചിപ്പിച്ചു. ഖൈബര്‍ പക്തുന്‍ഹ്വ മേഖലയിലെ ഭീകരരാണ് അവൈസ് ഷായെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. ജൂണ്‍ 20ന് കറാച്ചിയിലെ ക്ലിഫ്ടണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് മുഖംമൂടിധാരികള്‍ ഇദ്ദേഹത്തെ റാഞ്ചിയത്. ഷായെ മോചിപ്പിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറര്‍ അസിം സലീം ബജ്‌വ ട്വിറ്ററിലൂടെ അറിയിച്ചു.
സൈന്യം രസഹ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് മോചനം സാധ്യമാക്കിയത്. ടാങ്ക് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വെടിവച്ചുകൊന്നതായും ദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തന്റെ മകന്റെ മോചനവാര്‍ത്ത അറിയിച്ചു പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫില്‍ നിന്നു ഫോണ്‍ സന്ദേശം ലഭിച്ചെന്നു ചീഫ് ജസ്റ്റീസ് അറിയിച്ചു.
ഇതിനുമുമ്പ് രണ്ടു പ്രശസ്തരുടെ മക്കളെ ഇപ്രകാരം സൈന്യം ഭീകരരുടെ പിടിയില്‍നിന്നു രക്ഷിച്ചിട്ടുണ്ട്. മുന്‍ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്റെ പുത്രന്‍ ഷഹബാസ് തസീറിനെ മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്നു രക്ഷപ്പെടുത്തി. ഷഹബാസ് അഞ്ചുവര്‍ഷം ഭീകരരുടെ തടവിലായിരുന്നു. മുള്‍ട്ടാനില്‍നിന്നു മൂന്നു വര്‍ഷംമുമ്പു ഭീകരര്‍ റാഞ്ചിയ അലി ഹൈദറെയും സൈന്യമാണു രക്ഷപ്പെടുത്തിയത്. മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയുടെ പുത്രനാണു ഹൈദര്‍.