ഭീകരവാദം’ പാകിസ്താന്‍റെ ദേശീയ നയമെന്ന് ഇന്ത്യ

03:00pm 14/07/2016
download
ന്യൂയോർക്ക്: ഭീകരവാദം പാകിസ്താന്‍റെ ദേശീയ നയമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ. പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.എന്നിൽ ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്.

യു.എൻ കരിമ്പട്ടികയിൽ പെടുത്തിയ ഭീകരവാദികൾക്ക് പാകിസ്താൻ സഹായങ്ങൾ ചെയ്യുന്നു. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ തീവ്രവാദികളെ ഉപയോഗിച്ച് വഷളാക്കാൻ അയൽരാജ്യം ശ്രമിക്കുകയാണ്. യു.എൻ നൽകുന്ന ആനുകൂല്യങ്ങൾ പാകിസ്താൻ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ഇന്ത്യ ജനാധിപത്യം, മനുഷ്യാവകാശം, രാജ്യാന്തര നിയമങ്ങൾ എന്നിവയെ ബഹുമാനിക്കുന്ന രാജ്യമാണ്. എല്ലാ മേഖലകളിലെയും മുനുഷ്യാവകാശ സംരക്ഷണത്തിനും പ്രചാരണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സയ്യിദ് അക്ബറുദ്ദീൻ വ്യക്തമാക്കി.

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചയിലാണ് യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോധി ഭീകരരെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചത്. വാനിയെ കശ്മീരി നേതാവ് എന്ന് വിശേഷിപ്പിച്ച പാക് പ്രതിനിധി കൊലപാതകം നിയമപരമല്ലെന്ന് ആരോപിച്ചിരുന്നു.