ഭീകരാക്രമണം അന്വേഷിക്കുന്ന അഞ്ചംഗ പാകിസ്ഥാന്‍ സംഘം ദില്ലിയിലെത്തി

27-03-2016
pathankot-EuJ4Q
പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന അഞ്ചംഗ പാകിസ്ഥാന്‍ സംഘം ദില്ലിയിലെത്തി. എന്‍ഐഎ ഉദ്യാഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംഘം ചൊവ്വാഴ്ച പഠാന്‍കോട്ടിലെത്തും. വ്യോമതാവളത്തിലെ തന്ത്രപ്രധാന മേഖലകള്‍ കാണാന്‍ സംഘത്തെ അനുവദിക്കില്ല. ചരിത്രത്തിലാദ്യമായാണ് പാകിസ്ഥാനിലെ ഒരന്വേഷണ സംഘം ഇന്ത്യയിലെത്തുന്നത്. അഞ്ചംഗ അന്വേഷണ സംഘത്തില്‍ പാക് ചാരസംഘടനായ ഐഎസ്‌ഐയുടെ ഉദ്യോഗസ്ഥനുമുണ്ട്. ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്ന സംഘം ചൊവ്വാഴ്ച പഠാന്‍കോട്ടിലോക്ക് പോകും. എന്‍ഐഎ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറും. ഒപ്പം പാകിസ്ഥാനില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാശം ഇന്ത്യ ആവശ്യപ്പെടും. റെയ്ഡുകള്‍ നടത്തിയെന്നും ചിലരെ അറസ്റ്റു ചെയ്‌തെന്നും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജയിഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിനെ അറസ്റ്റു ചെയ്‌തോ എന്ന കാര്യത്തില്‍ ഇന്ത്യ സ്ഥിരീകരണം ആവശ്യപ്പെടും.
പഠാന്‍കോട്ടില്‍ ആക്രമണം നടന്ന സ്ഥലങ്ങള്‍ നേരിട്ടു കാണാന്‍ സംഘത്തെ അനുവദിക്കും. എന്നാല്‍ യുദ്ധവിമാനങ്ങള്‍ഷ; സൂക്ഷിക്കുന്ന തന്ത്രപ്രധാന മേഖലയിലെത്താന്‍ സംഘത്തെ അനുവദിക്കില്ല. പ്രതിരോധ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കാനും അനുവാദമില്ല. അതേസമയം ദൃസാക്ഷികളുമായി സംഘം സംസാരിക്കും. രാജ്യാന്തര തലത്തില്‍ ഈ നടപടിക്ക് സ്വീകാര്യത കിട്ടുമെന്നും പാകിസ്ഥാനുമേലുള്ള സമ്മര്‍ദ്ദം ശക്തമാകുമെന്നും ഇന്ത്യ കരുതുന്നു. ഇന്ത്യ നിയമപരമായി നല്കിയ കത്തിന് മറുപടി നല്കാത്തതും ഇന്ത്യന്‍ ചാരനെ അറസ്റ്റു ചെയ്‌തെന്ന അവകാശവാദവും സംഘത്തിന്റെ വരവ് മുടക്കാനുള്ള ശ്രമമായിരുന്നെങ്കിലും പ്രകോപനത്തിന് കീഴടങ്ങില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.