ഭൂരിപക്ഷം വോട്ടുകള്‍ നേടിയിട്ടും പരാജയപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി

01.42 PM 11/11/2016
hilery
പി.പി. ചെറിയാന്‍
വാഷിങ്ടന്‍: പോള്‍ ചെയ്ത പോപ്പുലര്‍ വോട്ടുകളില്‍ ഭൂരിപക്ഷം നേടിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ഹിലറി. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലെ ഇലക്ട്രറല്‍ കോളേജില്‍ നിന്നുളള ഭൂരിപക്ഷം അംഗങ്ങളുടെ വോട്ടു നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്.
2000ല്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അല്‍ഗോറിന് ഹിലറിക്കുണ്ടായ ഇതേ അനുഭവം തന്നെയായിരുന്നു. പോപ്പുലര്‍ വോട്ടുകളില്‍ അല്‍ഗോര്‍ 50999897 നേടിയപ്പോള്‍ ജോര്‍ജ് ഡബ്ല്യു. ബുഷിന് 50456002 വോട്ടുകളായിരുന്നു ലഭിച്ചത്.
ഇലക്ട്രറല്‍ വോട്ടുകളില്‍ 271 നേടി ബുഷ് വിജയം ഉറപ്പിച്ചപ്പോള്‍ അല്‍ഗോറിന് നേടാനായത് 266 വോട്ടുകളായിരുന്നു. ഫ്‌ലോറിഡയിലെ തിരഞ്ഞെടുപ്പിനെ ചൊല്ലി വലിയ തര്‍ക്കം ഉയര്‍ന്നുവെങ്കിലും അവസാനം ബുഷ് ജയിച്ചതായി പ്രഖ്യാപിച്ചതോടെ ഫ്‌ലോറിഡയില്‍ നിന്നുളള ഇലക്ട്രറല്‍ വോട്ടുകള്‍ നേടാനായതാണ് ബുഷിന്റെ വിജയം സുനിശ്ചിതമാക്കിയത്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒടുവില്‍ ലഭ്യമായ കണക്കുകള്‍ നല്‍കുന്ന സൂചനയനുസരിച്ച് ഹിലറി 59755284 വോട്ടുകളും ട്രംപ് 5953622 വോട്ടുകളുമാണ് നേടിയിരിക്കുന്നത്. ഹിലറി വിജയിച്ച കലിഫോര്‍ണിയ, ന്യൂയോര്‍ക്ക് പോലുളള സംസ്ഥാനങ്ങളില്‍ വോട്ട് എണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഹിലറിയുടെ ഭൂരിപക്ഷം പിന്നേയും വര്‍ദ്ധിക്കാനാണ് സാധ്യത.
ഓരോ സംസ്ഥാനങ്ങളിലും ജനകീയ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ത്ഥിക്കാണ് അവിടെയുളള ഇലക്ട്രറല്‍ വോട്ടുകള്‍ ലഭിക്കുക. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥി കൂടുതല്‍ ഇലക്ട്രറല്‍ വോട്ടുകള്‍ നേടും. എന്നാല്‍ ഇലക്ട്രറല്‍ വോട്ടുകള്‍ കൂടുതലുളള കുറച്ചു സംസ്ഥാനങ്ങളില്‍ ജയിച്ചാലും വിജയിക്കുവാന്‍ സാധ്യതയുണ്ട്. നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇവിടെ ഭൂരിപക്ഷം വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട്.