ഭോപ്പാൽ ഏറ്റുമുട്ടൽ: കൊല്ലാൻ കൽപിക്കുന്ന ശബ്ദരേഖ പുറത്ത്​

11:18 AM 04/11/2016
images
ഭോപ്പാല്‍: ജയിൽ ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ കൊല്ലാൻ ഉത്തരവിടുന്ന ശബ്ദരേഖ പുറത്ത്​. ജയിൽ ചാടിയവരെ ഏറ്റുമുട്ടലിലൂടെയാണ്​ കൊലപ്പെടുത്തിയെന്ന മധ്യപ്രദേശ് പോലീസിന്റെ അവകാശവാദം തള്ളുന്നതാണ്​പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ. പൊലീസ് കണ്‍ട്രോള്‍ റൂമിലേതെന്നു കരുതുന്ന ഓഡിയോ റെക്കോഡിങ്ങാണ് പ്രചരിക്കുന്നത്.

എട്ടുപേരെയും കൊല്ലാന്‍ ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദേശം നൽകുന്ന രണ്ട്​ ഓഡിയോ സന്ദേശങ്ങളാണ്​ പുറത്തായിരിക്കുന്നത്​. ന്യൂസ്​ 18 ചാനലാണ്​ഒാഡിയോ പുറത്തുവിട്ടിരിക്കുന്നത്​. എന്നാൽ ശബ്​ദരേഖ കൺട്രോൾ റൂമിൽ നിന്നുള്ളത്​ തന്നെയാണോയെന്ന്​ സ്ഥിരീകരിച്ചിട്ടില്ല.

‘എല്ലാവരെയും കൊല്ലാനാണ് ബോസ് പറയുന്നത്’ എന്ന് പോലീസുകാരിലൊരാള്‍ പറയുന്നു. നിമിഷങ്ങൾക്ക്​ ശേഷം ‘അതുകഴിഞ്ഞു. എട്ടുപേരും മരിച്ചു.’ എന്ന് പറയുന്നതുംകേള്‍ക്കാം.
അഞ്ചുപേരും ഒരുമിച്ചാണോ ഓടുന്നത് എന്നാണ് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള ആദ്യചോദ്യം. അതെ എന്നാണ്​ മറുപടി. നിങ്ങൾ പിൻവാങ്ങരുതെന്നും പ്രതികളെ വളഞ്ഞ ശേഷം കൊല്ലുക എന്നുമുള്ള ഉത്തരവാണ്​ പിന്നീട്​ വരുന്നത്​.

പ്രതികള്‍ വെടിവെക്കുന്നുണ്ടെന്ന് പൊലീസുകാര്‍ പറയുമ്പോള്‍ അവരെ വളഞ്ഞ ശേഷം തിരിച്ച്​ വെടിവെക്കാൻ നിർദേശിക്കുന്നു. ഒരാളും രക്ഷപ്പെടാത്ത വിധം വളഞ്ഞ്​ വെടിവെക്കാനും നിർദേശിക്കുന്നുണ്ട്​. അഞ്ചുപേർ വെടിയേറ്റ്​ മരിച്ചുവെന്ന സന്ദേശത്തിന്​ മറുപടിയായി അഭിനന്ദനങ്ങളും തങ്ങൾ അൽപ സമയത്തിനുള്ളിൽ എത്തുമെന്ന മറുപടിയും കേൾക്കാം.

പാറപ്പുറത്തു കയറിയ അഞ്ചുപേരെയും കൊന്നുവെന്ന്​ പറയു​േമ്പാൾ ബാക്കിയുള്ളവരെ കൂടി കൊലപ്പെടുത്താനും ഉത്തരവിടുന്നു. മൃതദേഹം മാറ്റാൻ പൊലീസുകാർ ആംബുലൻസ്​ അയക്കാനും ആവശ്യപ്പെടുന്നുണ്ട്​.

ഒരാളെയെങ്കിലും കൊല്ലാതെ വിടാൻ അവർ ആവശ്യപ്പെടുന്നുണ്ടെന്ന്​ പൊലീസുകാർ പറയു​േമ്പാൾ അരുത്​ എല്ലാവരെയും കൊല്ലുക ശേഷം അവരുടെ കൈവശം ആയുധങ്ങളുണ്ടെന്ന് പിന്നീട് പറയാം എന്നാണ് മറുപടി.

എട്ടാളെയും കൊന്നു എന്നു പറയുമ്പോള്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് ചിരിയും അനുമോദനവും എത്തുന്നുണ്ട്. മാധ്യമങ്ങള്‍ ഇപ്പോഴൊന്നും അങ്ങോട്ടുവരില്ലെന്ന ഉറപ്പും നല്‍കുന്നുണ്ട്. മൃതദേഹങ്ങൾ മാറ്റിയ ശേഷമേ മാധ്യമങ്ങൾ എത്തൂയെന്നും അറിയിക്കുന്നു.