ഭോപ്പാല്‍ പ്രൊവിന്‍ഷാള്‍ ഫാ. കാച്ചപ്പിളളി മെറ്റുച്ചന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു

08:24 am 27/11/2016

– പി. പി. ചെറിയാന്‍
Newsimg1_68704257
ന്യൂജഴ്‌സി : ഭോപ്പാല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷാളായി നിയമിതനായതിനുശേഷം റെവ. ഫാ. ഡോ. കുര്യന്‍ കാച്ചപ്പിളളി (സിഎംഐ) മെറ്റുച്ചന്‍ ഡയോസിസ് ബിഷപ്പ് ജെയിംസ് ചെച്ചിയൊയെ സന്ദര്‍ശിച്ചു.

ഫാ. പോളിതെക്കന്‍, ഫാ. സെബാസ്റ്റ്യന്‍ കൈതക്കല്‍, ഫാ. ഡേവിഡ് ചാലക്കല്‍, ഫാ. പീറ്റര്‍ അക്കനത്ത് തുടങ്ങിയവരും ബിഷപ്പിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

അമേരിക്കയില്‍ ആദ്യമായി എത്തുന്ന റെവ. ഡോ. കുര്യന്‍ കാച്ചപ്പിളളി 1986ലാണ് സിഎംഐ വൈദികനായി സഭാ ശുശ്രൂഷയില്‍ പ്രവേശിച്ചത്. ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജ് ഫിലോസഫി ആന്റ് റിലിജിയന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.

നിരവധി ഗ്രന്ഥങ്ങളുടേയും പ്രസിദ്ധീകരണങ്ങളുടേയും രചയിതാവായ ഫാ. കാച്ചപ്പിളളി പ്രശസ്തനായ ധ്യാന ഗുരുവും വചന പണ്ഡിതനുമാണ്.

ഏകദേശം 70 രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ സന്ദര്‍ശിച്ച് പ്രഭാഷണം നടത്തിയിട്ടുളള ഫാ. ലാറ്റിന്‍, ഡച്ച്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.

ന്യൂജഴ്‌സിയിലെ സെന്റ് തോമസ് പാരീഷില്‍ നടന്ന സെമിനാറിന് നേതൃത്വം നല്‍കിയത് ഫാ. കുര്യനായിരുന്നു. ഫ്‌ലൂവിംഗ്ടണിലെ കാര്‍മലൈറ്റ് കന്യാസ്ത്രീകളേയും, വാഷിങ്ടന്‍ ഡിസിയിലെ മദര്‍ നെറേബ കന്യാസ്ത്രീകളേയും സന്ദര്‍ശിക്കുന്നതിനും ചര്‍ച്ച നടത്തുന്നതിനും അദ്ദേഹം സമയം കണ്ടെത്തി.

മെറ്റുച്ചന്‍ ബിഷപ്പുമായി ചര്‍ച്ച നടത്തുവാന്‍ ലഭിച്ച അവസരം ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായിരുന്നുവെന്ന് പ്രൊവിന്‍ഷാള്‍ ഫാ. കാച്ചപ്പിളളി ഭോപ്പാലിലേക്ക് തിരിച്ച് പോകുന്നതിനുമുമ്പ് അഭിപ്രായപ്പെട്ടു.