മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും.

10:07am 03/07/2016
download
ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും. രോഗിയായ ഉമ്മയെ കാണുന്നതിന് എട്ടു ദിവസത്തേക്ക് നാട്ടിലേക്ക് പോകാന്‍ ബംഗളൂരുവിലെ വിചാരണകോടതി അനുമതിനല്‍കി. നാലു മുതല്‍ 12 വരെ കേരളത്തില്‍ തങ്ങും. സുപ്രീംകോടതി അനുമതിനല്‍കിയ സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട അപേക്ഷ ശനിയാഴ്ച രാവിലെ എന്‍.ഐ.എ പ്രത്യേക വിചാരണ കോടതിയില്‍ നല്‍കുകയായിരുന്നു. ഇതോടൊപ്പം യാത്രാവിവരങ്ങളും ഉമ്മയുടെ രോഗവിവരങ്ങളുമടങ്ങിയ രേഖകളും മഅ്ദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് നാട്ടിലേക്ക് പോകാന്‍ വിചാരണകോടതി ജഡ്ജി ശിവണ്ണ അനുമതിനല്‍കിയത്. തിങ്കളാഴ്ച ഉച്ചക്ക് 12.45നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പുറപ്പെടുന്ന മഅ്ദനി 1.55ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തെും. അവിടെനിന്ന് റോഡുമാര്‍ഗം അന്‍വാര്‍ശ്ശേരിയിലേക്ക് പോകും.

ഭാര്യ സൂഫിയ മഅ്ദനി, ബന്ധുവും പി.ഡി.പി ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, സഹായികളായ കുഞ്ഞുമോന്‍, ഷാം നവാസ് എന്നിവര്‍ മഅ്ദനിയെ അനുഗമിക്കും. പത്തു ദിവസം നാട്ടില്‍ തങ്ങാന്‍ അനുമതിനല്‍കണമെന്നാണ് മഅ്ദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 13ന് ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സാക്ഷിവിസ്താരം നടക്കുന്നതിനാല്‍ 12 വരെ അനുവദിക്കാമെന്ന് കോടതി അറിയിച്ചു. മഅ്ദനിയുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ രണ്ടുദിവസം നല്‍കിയാല്‍ മതിയെന്ന് കോടതിയില്‍ വാദിച്ചു. ഒരുദിവസം നാട്ടിലേക്ക് പോകാനും ഒരുദിവസം തിരികെ വരാനും. ഇത് തള്ളിക്കളഞ്ഞ കോടതി എട്ടുദിവസത്തേക്ക് പോകാന്‍ അനുമതി നല്‍കി.

കര്‍ണാടക പൊലീസിന്‍െറ കാവലോടുകൂടിയാണ് മഅ്ദനി കേരളത്തിലത്തെുക. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍.എസ്. മേഘരിക്കിന് കോടതി നിര്‍ദേശം നല്‍കി. നാട്ടിലുള്ള സമയത്ത് മഅ്ദനിക്ക് ചികിത്സ തുടരാനാകും. എന്നാല്‍, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് വിലക്കുണ്ട്. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ടോമി സെബാസ്റ്റ്യനും പി. ഉസ്മാനും കോടതിയില്‍ ഹാജരായി.

ഉമ്മയെ സന്ദര്‍ശിക്കുന്നതിന് കേരളത്തില്‍ പോകാന്‍ വ്യാഴാഴ്ചയാണ് സുപ്രീംകോടതി അനുമതിനല്‍കിയത്. എന്നാല്‍, എത്ര ദിവസത്തേക്കു പോകാമെന്നതും എന്നുമുതലെന്നതും വിചാരണകോടതിക്ക് തീരുമാനിക്കാമെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞ വര്‍ഷം മേയ് 15ന് ഉമ്മയെ കാണാന്‍ മഅ്ദനിക്ക് സുപ്രീംകോടതി അനുമതിനല്‍കിയിരുന്നു. അന്ന് അഞ്ചുദിവസത്തേക്കായിരുന്നു ഇളവ്