മക്കയില്‍ നാല് ഇസ്ലാമിക് പൈതൃക മ്യൂസിയങ്ങള്‍ വരുന്നു

08:50am 29/04/2016
download (4)
ജിദ്ദ: മക്കയില്‍ പുതിയ നാല് ഇസ്ലാമിക് മ്യൂസിയങ്ങള്‍ സ്ഥാപിക്കാന്‍ സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്റ്് നാഷനല്‍ ഹെറിറ്റേജ് അനുമതി നല്‍കി. അസ്സലാമു അലൈക അയ്യുഹന്നബി, അല്‍ദീനാര്‍ അല്‍ഇസ്ലാമി, പൈതൃക മ്യൂസിയം, അല്‍അമൂദി മ്യൂസിയം തുടങ്ങിയ പേരുകളിലാണ് പുതിയ മ്യൂസിയങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ വന്‍തോതിലുള്ള സാന്നിധ്യം വിശുദ്ധ മക്ക നഗരത്തിന് വന്‍ പ്രാധാന്യമാണ് കൈവന്നിരിക്കുന്നതെന്ന് കമീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് മേധാവി മുഹമ്മദ് ഫൈസല്‍ അല്‍ ശരീഫ് പറഞ്ഞു. ഹജ്ജ്, ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തീര്‍ഥാടകര്‍ പുണ്യനഗരികളുടെ ചരിത്രവും പൈതൃകവും നേരിട്ടറിയാന്‍ കൗതുകം പ്രകടിപ്പിക്കാറുണ്ട്. അതുപോലെ ഇസ്ലാമിക സാംസ്‌കാരിക തനിമയും ചിഹ്നങ്ങളും കാണാനും അറിയാനുമുള്ള തീര്‍ഥാടകരുടെ ആഗ്രഹ പൂര്‍ത്തീകരണം കൂടിയാണ് മ്യൂസിയങ്ങളെന്നും അദ്ദേഹം പറഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഭരണ നേട്ടങ്ങളുടെ ഭാഗമായി വിശുദ്ധ മക്കയില്‍ കാണപ്പെടുന്ന സാംസ്‌കാരിക ഉണര്‍വിന്റെ ഭാഗമാണ് പുതിയ മ്യൂസിയങ്ങള്‍. രാജാവിന്റെ ഉപദേഷ്ടാവും മക്ക മേഖല ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസലിന്റെ പ്രത്യേക പരിഗണനയും സാംസ്‌കാരിക ഉണര്‍വിന്റെ പിന്നിലുണ്ട്. രാജ്യം അതിന്റെ സാംസ്‌കാരിക പൈതൃകങ്ങളോട് കാണിക്കുന്ന താല്‍പര്യവും കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട വിഷന്‍ 2030 ന്റെ ഭാഗവുമായാണ് പുതിയ മ്യൂസിയങ്ങള്‍ നിര്‍മിക്കാന്‍ അധികൃതര്‍ തയാറാകുന്നത്.