മക്കയില്‍ 16 ലക്ഷത്തോളം ഹാജിമാര്‍ക്ക് പാര്‍പ്പിട സൗകര്യങ്ങളായി

01:15pm 28/7/2016

download (8)
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ മക്കയില്‍ തീര്‍ഥാടകര്‍ക്ക് കുറ്റമറ്റ താമസ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് പാര്‍പ്പിട വിഭാഗം മേധാവി എന്‍ജി. മാസിന്‍ അസ്സനാരി പറഞ്ഞു. മക്കയുടെ വിവിധ ഭാഗങ്ങളിലായി 16 ലക്ഷത്തിലധികം ഹാജിമാര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇതിനകംതന്നെ തയാറായതായും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കൂടുതല്‍ താമസ സൗകര്യം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. വൈകി ലഭിച്ച അപേക്ഷകള്‍ മക്ക മേഖല അമീറിന് കൈമാറിയതായും അംഗീകാരം ലഭിക്കുന്നതോടെ കൂടുതല്‍ കെട്ടിടങ്ങള്‍ അനുവദിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ഥാടകരുടെ താമസ സൗകര്യങ്ങള്‍ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി സുരക്ഷ പരിശോധനകളും മറ്റും നടത്തുന്നതിനായി മക്കയില്‍ മാത്രം 18 സംഘത്തെ നിയമിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ആരംഭിക്കുന്ന പരിശോധന തീര്‍ഥാടകര്‍ തിരിച്ചുപോകുന്നത് വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.