മഞ്ഞപ്പടക്ക് ഞായറാഴ്ച മരണപ്പോരാട്ടം.

10;36 am 9/10/2016
download (2)
കൊച്ചി: തോല്‍വിയില്‍നിന്ന് തോല്‍വിയിലേക്ക് പന്തുതട്ടുന്ന മഞ്ഞപ്പടക്ക് ഞായറാഴ്ച മരണപ്പോരാട്ടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐ.എസ്.എല്‍) നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ കേരള ബ്ളാസ്റ്റേഴ്സ് കരുത്തരായ ഡല്‍ഹി ഡൈനാമോസുമായി ഞായറാഴ്ച അങ്കത്തിനിറങ്ങും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്കാണ് സൂപ്പര്‍ സണ്‍ഡേ പോരാട്ടം. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് കഴിഞ്ഞവര്‍ഷത്തെ അവസാനസ്ഥാനം ‘നിലനിര്‍ത്താന്‍ പാടുപെടുന്ന’ ബ്ളാസ്റ്റേഴ്സിന് എതിരാളികള്‍ ചില്ലറക്കാരല്ല. ‘സിംഹങ്ങള്‍‘ എന്ന് വിളിപ്പേരുള്ള ഡല്‍ഹി സംഘം നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയെ അവരുടെ മടയില്‍ തകര്‍ത്തെറിഞ്ഞാണ് ആനപ്പടയെ നേരിടാന്‍ കൊച്ചിക്ക് വിമാനം കയറിയത്. ചെറിയ യാത്രാക്ഷീണമല്ലാതെ ഡല്‍ഹി ടീമിന് മറ്റു വെല്ലുവിളികളൊന്നുമില്ല. ആദ്യ ഹോം മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് ഒരു ഗോളിന് കീഴടങ്ങിയ ബ്ളാസ്റ്റേഴ്സിന്‍െറ പ്രകടനത്തില്‍ കോച്ച് സ്റ്റീവ് കോപ്പല്‍ സംതൃപ്തനാണെങ്കിലും ആരാധകര്‍ കലിപ്പിലാണ്.

4-4-2 ഫോര്‍മേഷനില്‍തന്നെ ഞായറാഴ്ച കോച്ച് ടീമിനെ ഇറക്കിയേക്കും. ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. അന്‍േറാണിയോ ജര്‍മനൊപ്പം മൈക്കല്‍ ചോപ്ര പ്ളെയിങ് ഇലവനില്‍ മുന്‍നിരയിലുണ്ടാകും. കളിയുടെ എല്ലാ മേഖലയിലും മെച്ചപ്പെടാനുണ്ടെന്നാണ് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റിന്‍െറ വിശ്വാസം. സെഡ്രിക് ഹെങ്ബര്‍ട്ടും സന്ദേശ് ജിങ്കാനും സെന്‍ട്രല്‍ ഡിഫന്‍സില്‍ കോട്ട കാക്കും. ഹോസു പ്രീറ്റോയും പ്രാഥിക് ചൗധരിയും ഇരുവശങ്ങളിലുമുണ്ടാകും. ഡല്‍ഹിയുടെ വിങ്ങര്‍മാരായ മാഴ്സലോയെയും കീന്‍ ലൂയിസിനെയും സ്ട്രൈക്കര്‍ റിച്ചാര്‍ഡ് ഗാഡ്സെയെയും എതിരിടാന്‍ ബ്ളാസ്റ്റേഴ്സ് പ്രതിരോധം വിയര്‍ക്കും. ബ്ളാസ്റ്റേഴ്സ് ഇടത് വിങ്ങില്‍ മുഹമ്മദ് റഫീഖും വലത് വിങ്ങില്‍ ഫാറൂഖ് ചൗധരിയും ഇറങ്ങും. അസ്റാത്ത് മഹമ്മദും ഞായറാഴ്ച കളിക്കാനിടയുണ്ട്. മുന്നേറ്റനിരയില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനോ ഡക്കന്‍സ് നാസണോ അവസരംകൊടുക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ വെറ്ററന്‍ താരം സന്ദീപ് നന്ദിയാകും ഗ്രഹാം സ്റ്റാക്കിന് പകരം വലകാക്കുക.