02:49pm 29/06/2016
തൃശൂർ: കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമീഷൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. തൃശൂരിൽ ഇന്ന് നടന്ന സിറ്റിങിൽ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ നൽകിയ പരാതി പരിഗണിച്ചാണ് കമീഷനംഗം കെ. മോഹൻകുമാർ ഉത്തരവിട്ടത്.
അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുമ്പ് രാമകൃഷ്ണൻ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതോടൊപ്പം, മണിയുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ലബോറട്ടറി പരിശോധനയിലും കണ്ട വൈരുധ്യങ്ങളെക്കുറിച്ച് നിലവിൽ വേണ്ടത്ര അന്വേഷണം നടക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ഇതിന് റിപ്പോർട്ട് ഹാജരാക്കാൻ ഡി.ജി.പിയോട് കമീഷൻ ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ അന്വേഷണത്തിനുള്ള നടപടിയിലാണ് എന്ന ഒറ്റ വരി റിപ്പോർട്ടാണ് ഡി.ജി.പി നൽകിയത്. ഇത് തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച് തള്ളിയാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.