മണ്ഡല തീര്‍ഥാടനം: ശബരിമല നട തുറന്നു

09:28 am 16/11/2016
Newsimg1_84324660
ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍, സ്ഥാനമൊഴിയുന്ന മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി ശ്രീകോവിലില്‍ മണിമുഴക്കിയാണ് നടതുറന്നത്.

ശ്രീകോവിലില്‍നിന്നുള്ള ഭസ്മം ഭക്തര്‍ക്ക് നല്‍കിയ ശേഷം അദ്ദേഹം പതിനെട്ടാം പടിയിറങ്ങി താഴെയത്തെി ആഴിയില്‍ ദീപം ജ്വലിപ്പിച്ചശേഷം താഴെ കാത്തുനിന്ന പുതിയ മേല്‍ശാന്തി ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി തെക്കുംപറമ്പത്ത് മനയില്‍ ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കൈപിടിച്ച് പതിനെട്ടാംപടി കയറ്റി തിരുനടയില്‍ എത്തിച്ചു.

മാളികപ്പുറം മേല്‍ശാന്തി ചങ്ങനാശ്ശേരി വാഴപ്പള്ളി പുതുമന ഇല്ലത്ത് എം.ഇ. മനു നമ്പൂതിരിയും ഒപ്പമുണ്ടായിരുന്നു. മേല്‍ശാന്തി പടികയറി ശ്രീകോവിലില്‍ എത്തിയതോടെ താഴെ കാത്തുനിന്ന ഭക്തസഹസ്രങ്ങള്‍ വ്രതപുണ്യവുമായി അയ്യപ്പനെ ദര്‍ശിക്കാന്‍ ശരണമന്ത്രങ്ങള്‍ മുഴക്കി ആവേശത്തോടെ പതിനെട്ടാംപടി കയറി.