08:44pm 6/6/2016
കൊച്ചി:മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ് മാരുതി കാറിലിടിച്ച് കാര്‍ യാത്രികയായ വീട്ടമ്മയ്ക്ക് പരുക്ക്. കാറില്‍ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബം രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തില്‍. ഐജി ഓഫീസിനു തൊട്ടടുത്ത് ആക്സിഡന്റ് നടന്നിട്ടും പൊലീസ് എത്താന്‍ അര മണിക്കൂറോളം വൈകിയത് പ്രതിഷേധത്തിനിടയാക്കി. അപകടത്തില്‍ ഇടത് കൈക്ക് പരുക്കേറ്റ കടുത്തുരുത്തി ആനക്കുഴിയില്‍ അജികുമാറിന്റെ ഭാര്യ ഷേര്‍ളിയെ(47) എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ മേനക ജംക്ഷനു സമീപം ജോയ് ആലൂക്കാസിനു മുമ്പിലായിരുന്നു സംഭവം. ഹൈക്കോര്‍ട്ട് ഭാഗത്തു നിന്നും വരികയായിരുന്ന മാരുതി കാര്‍ ജോയ് ആലൂക്കാസിനു വശത്തെ പാര്‍ക്കിങ്ങ് ഏരിയായിലേക്ക് കയറ്റാന്‍ യു ടേണ്‍ എടുക്കുകയായിരുന്നു. ഈ സമയം മേനകയില്‍ നിന്നും ഹൈക്കോര്‍ട്ട് ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന ബസ് കാറിനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വശത്തെ രണ്ട് ഡോറുകളും തകര്‍ന്നു. ഷേര്‍ളിയുടെ ഭര്‍ത്താവ് അജികുമാറാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍ സീറ്റില്‍ ഇരുന്ന ഷേര്‍ളിയുടെ ഇടത് കൈക്കാണ് പരുക്ക്. മക്കള്‍ അനശ്വരയും അക്ഷയ കുമാറും പിന്‍സീറ്റില്‍ ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു.
പള്ളിമുക്കിലെ എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ അക്ഷയ കുമാറിനെ ചേര്‍ക്കാനായി എത്തിയതാണ് നാലംഗ കുടുംബം. സ്ഥാപനത്തിന്റെ കലൂരിലെ ഹോസ്റ്റലില്‍ കയറിയ ശേഷം സാധനങ്ങള്‍ വാങ്ങാന്‍ ബ്രോഡ്വെ മാര്‍ക്കറ്റില്‍ വരുമ്പോഴായിരുന്നു അപകടം.
ആക്സിഡന്റ് നടന്നതിനു പിന്നാലെ ബസ് ജീവനക്കാര്‍ അജികുമാറിനും കുടുംബത്തിനും നേരെ തട്ടിക്കയറി. തൊട്ടു പിന്നാലെ എത്തിയ ചില ബസ് ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. കണ്ടു നിന്നവര്‍ വിവരം പൊലീസില്‍ അറിയിക്കാന്‍ 100ല്‍ വിളിച്ചപ്പോള്‍ നമ്പര്‍ നിലവിലില്ലെന്നായിരുന്നു മറുപടി. അപകടം നടന്ന വാഹനം മാറ്റാത്തതിനാല്‍ മേനക ജംക് ഷന് അര മണി്ക്കൂറോളം കുരുക്കില്‍ പെട്ടു. ഈ സമയം ഇവിടെയെത്തിയ ഹോം ഗാര്‍ഡാണ് മൊബൈല്‍ നമ്പരില്‍ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചത്. ഇതിനിടെ ഇതുവഴി കടന്നു പോയ പൊലീസ് വാഹനം നിര്‍ത്താതെ പോയതും നാട്ടുകാരെ ക്ഷുഭിതരാക്കി. തുടര്‍ന്ന് അര മണിക്കൂര്‍ കഴിഞ്ഞ ഹൈക്കോര്‍ട്ട് ജംങ്ഷനിലെ ട്രാഫിക് സ്റ്റേഷനില്‍ നിന്നും എസ്ഐയും സംഘവും സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ മാറ്റിയത്.