മദ്യദുരന്തത്തിന് സാധ്യത ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

08’40am 22/04/2016
download (3)
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടടുപ്പിച്ച് വ്യാജമദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഇത് തടയാന്‍ പൊലീസ്, എക്‌സൈസ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ഡി.ജി.പി എ. ഹേമചന്ദ്രന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കേണ്ടതില്‌ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രസ്താവനയെതുടര്‍ന്ന് മദ്യലോബി നീക്കങ്ങള്‍ നടത്തിയതായാണ് സൂചന. ബാറുകള്‍ എന്നെന്നേക്കുമായി പൂട്ടിയാല്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാകും. ഇത് മുന്നില്‍കണ്ട് സ്പിരിറ്റ് കച്ചവടം ഉള്‍പ്പെടെയുള്ളവ കൊഴുപ്പിക്കാന്‍ മദ്യലോബികള്‍ ശ്രമിച്ചേക്കാം. അവരുടെ നീക്കങ്ങള്‍ സംശയാസ്പദമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജമദ്യം ഒഴുക്കിയാല്‍ കൊള്ളലാഭം കൊയ്യാമെന്ന ധാരണയില്‍ ചിലര്‍ നീക്കങ്ങള്‍ നടത്തിയേക്കും. മദ്യനയം പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം വിഷമദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യതയും തള്ളാനാകില്ല. എക്‌സൈസ് അധികൃതരുടെ മേല്‍നോട്ടത്തില്‍ ബിയര്‍, വൈന്‍ പാര്‍ലറുകളിലും കള്ളുഷാപ്പുകളിലും പതിവ് പരിശോധനകള്‍ നടക്കാറുണ്ട്.
മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണം. വ്യാജവാറ്റിന് കുപ്രസിദ്ധമായ സ്ഥലങ്ങളില്‍ പരിശോധന കര്‍ക്കശമാക്കുക, ചെക്‌പോസ്റ്റ് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുക, പൊലീസ്, എക്‌സൈസ് സംവിധാനങ്ങള്‍ സംയുക്തമായി പരിശോധനകള്‍ നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.