മദ്യപിച്ച് കാർ ഓടിച്ച് 12 ഓട്ടോകളിലിടിച്ചു; ഒരാൾ മരിച്ചു

03:30 PM 19/09/2016
images (8)
ചെന്നൈ: മദ്യപിച്ച് അഭിഭാഷക വിദ്യാർഥി ഓടിച്ച കാർ സ്റ്റാന്‍റിൽ നിർത്തിയിട്ട 12 ഓട്ടോകളിലിടിച്ച് ഒരു ഡ്രൈവർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. 29 കാരനായ ഓട്ടോ ഡ്രൈവർഅറുമുഖം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ചെന്നൈയിലെ ഡോ.രാധാകൃഷ്ണൻ ശാലയിൽ ഇന്ന് രാവിലെ 3.30ഓടെയാണ് അപകടമുണ്ടായത്.

സുപ്രീംകോടതി അഭിഭാഷകനായ വിജയ് ആനന്ദിന്‍റെ മകൻ വികാസാണ് പോർഷെ കാർ ഓടിച്ചിരുന്നത്. തമിഴ്നാട് പ്രീമിയർ ലീഗ് വിജയിച്ച സുഹൃത്ത് സംഘടിപ്പിച്ച ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വികാസ്. അമിതമായി മദ്യപിച്ചിരുന്നതിനാൽ ഇയാളുടെ വാഹനം നിയന്ത്രണം വിട്ട് പാർക്ക് ചെയ്ത ഓട്ടോകളിൽ ഇടിക്കുകയായിരുന്നു. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും വികാസിനും കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കൊന്നും പറ്റിയിട്ടില്ല.

രാത്രി സവാരി പ്രതീക്ഷിച്ച് ഓട്ടോകളിൽ തന്നെ ഉറങ്ങിയിരുന്ന ഡ്രൈവർമാരാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ചില ഓട്ടോകൾ നിശേഷം തകർന്നുപോയിട്ടുണ്ട്.അപകടവിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് കാറിലുള്ളവരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ഓട്ടോഡ്രൈവർമാർ ആരോപിച്ചു.