മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കടന്ന യുവാവ് പിടിയില്‍.

07:59am 4/06/2016
images (2)

തൊടുപുഴ: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കടന്ന യുവാവ് പിടിയില്‍. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ മൂന്ന് കിലോമീറ്ററോളം ബസ് ഓടിച്ച് വെങ്ങല്ലൂരില്‍ എത്തിയപ്പോഴാണ് മണക്കാട് നിരപ്പേല്‍ ദീപു പ്രകാശിനെ (20) തൊടുപുഴ പൊലീസ് പിടികൂടിയത്. തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കട്ടപ്പന-തൊടുപുഴ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ഓര്‍ഡിനറി ബസാണ് രാത്രി പത്തോടെ യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഓടിച്ചുകൊണ്ടുപോയത്. വ്യാഴാഴ്ച സര്‍വിസ് കഴിഞ്ഞ് സ്റ്റാന്‍ഡിന് പുറത്ത് ഇന്ത്യന്‍ ഹാര്‍ഡ്വെയര്‍ എന്ന സ്ഥാപനത്തിന് സമീപമാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. പുതിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്‍െറ നിര്‍മാണം നടക്കുന്നതിനാല്‍ താല്‍ക്കാലിക സ്റ്റാന്‍ഡിലാണ് ഡിപ്പോയുടെ പ്രവര്‍ത്തനം. സ്ഥലപരിമിതി മൂലം പാതയോരത്താണ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. സ്റ്റാന്‍ഡിന് സമീപത്തുനിന്ന് മദ്യപന്‍ ബസ് കടത്തിക്കൊണ്ടുപോയിട്ടും ഏറെ കഴിഞ്ഞാണ് സുരക്ഷാ ജീവനക്കാരും ഡിപ്പോ അധികൃതരും സംഭവം അറിഞ്ഞത്.

യുവാവ് ബസുമായി മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ചശേഷം വെങ്ങല്ലൂരിന് സമീപമുള്ള ചായക്കടയില്‍ നിര്‍ത്തി റേഡിയേറ്ററില്‍ വെള്ളമൊഴിക്കാനായി ചായക്കടക്കാരനോട് വെള്ളം ആവശ്യപ്പെട്ടു. മദ്യലഹരിയില്‍ കടയിലേക്കുവന്നത് കണ്ട നാട്ടുകാര്‍ ദീപുവിനെ ചോദ്യംചെയ്തു. താന്‍ മൂവാറ്റുപുഴ ഡിപ്പോയിലെ ഡ്രൈവറാണെന്നാണ് യുവാവ് ഇവരോട് പറഞ്ഞത്. വീണ്ടും ബസ് ഓടിക്കാനായി കയറിയത് കണ്ടതോടെ നാട്ടുകാര്‍ തടഞ്ഞു.
തുടര്‍ന്ന് തൊടുപുഴ കെ.എസ്.ആര്‍.ടി.സിയിലും പൊലീസിലും വിവരമറിയിച്ചു. ഉടന്‍ പൊലീസത്തെി ദീപുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യാത്രക്കാരില്ലാത്ത ബസില്‍ വെളിച്ചമില്ലാതിരുന്നതും ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നതുമാണ് സംശയം തോന്നാന്‍ കാരണമെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് ഡിപ്പോയിലെ സെക്യൂരിറ്റിയോട് ഡി.ടി.ഒ വിശദീകരണം തേടി. പ്രതി ബസുകളിലും ലോറികളിലും സഹായിയായി ജോലിചെയ്ത് വരികയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കാനുള്ള കൗതുകം കൊണ്ടാണ് താന്‍ ഇത് ചെയ്തതെന്നാണ് ദീപു പൊലീസിനോട് പറഞ്ഞത്. തൊടുപുഴ പൊലീസ് മോഷണശ്രമത്തിനാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.