മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം

10.22 PM 27/10/2016
Italy_earth_271016
റോം: മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം. മഷിറാത്ത പ്രവിശ്യയിലായിരുന്നു സംഭവം. റിക്ടര്‍സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം ആദ്യം അനുഭവപ്പെട്ടു. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം അതേ സ്ഥലത്ത് റിക്ടര്‍സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ മറ്റൊരു ഭൂചലനവും ഉണ്ടായി. നിരവധി കെട്ടിടങ്ങളും തകര്‍ന്നതായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാനമായ റോമില്‍നിന്ന് 80 മൈല്‍ അകലെ പെറൂജിയയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ റോമിലെ കൊളോസിയത്തിന് നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ആദ്യ ഭൂചലനം പ്രദേശിക സമയം വൈകിട്ട് ഏഴിനായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇറ്റലിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 300ല്‍ അധികംപേര്‍ മരിക്കുകയും 400ല്‍ ഏറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.