മന്ത്രിമാരുടെ സൗദിയില്‍ ശമ്പളം വെട്ടിക്കുറച്ചു

10:55 AM 28/09/2016
images (11)

റിയാദ്: സൗദിയില്‍ മന്ത്രിമാര്‍, ശൂറ അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പളവും ഇതര ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ട് സല്‍മാന്‍ രാജാവ് വിജ്ഞാപനമിറക്കി. മന്ത്രിമാരുടെ ശമ്പളം 20 ശതമാനവും ശൂറ അംഗങ്ങളുടെ വീട്ടു വാടക പോലുള്ള ആനുകൂല്യങ്ങള്‍ 15 ശതമാനവുമാണ് കുറച്ചത്. സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം, ആനുകൂല്യം എന്നിവയുടെ വര്‍ധനവും അടുത്ത സാമ്പത്തിക വര്‍ഷാവസാനം വരെ മരവിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് സല്‍മാന്‍ രാജാവ് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ചെലവ് ഗണ്യമായി വെട്ടിച്ചുരുക്കുന്ന നടപടികള്‍ പ്രഖ്യാപിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക്
സര്‍ക്കാര്‍ വാഹനം അനുവദിക്കുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്. മന്ത്രിമാരുടെയും അവരുടെ പദവിയിലുള്ള ഉന്നത ഉദ്യേഗാസ്ഥരുടെയും ടെലിഫോണ്‍, മൊബൈല്‍ ചെലവുകളും അടുത്ത സാമ്പത്തിക വര്‍ഷാവസാനം വരെ സ്വന്തമായി വഹിക്കണം. വേതന വര്‍ധനവ് മരവിപ്പിച്ചതില്‍ നിന്ന് സൗദിയുടെ തെക്കന്‍ അതിര്‍ത്തിയിലും വിദേശത്തും സൈനിക, സുരക്ഷ സേവനത്തിലുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സൈനികര്‍ക്ക് തൊഴില്‍ പദവിക്കുസരിച്ചുള്ള വര്‍ധനവ് തുടര്‍ന്നും ലഭിക്കും. അടുത്ത ഹിജ്റ വര്‍ഷത്തില്‍ സര്‍ക്കാര്‍ മേലയില്‍ ഏതെങ്കിലും തരത്തിലുള്ള വേതന വര്‍ധനവോ ആനുകൂല്യങ്ങളോ നല്‍കുന്നതിനും തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓവര്‍ടൈം ചെയ്യുന്നവര്‍ സാധാരണ പ്രവൃത്തി ദിനങ്ങളില്‍ ശമ്പളത്തിന്‍െറ 25 ശതമാനത്തിലധികമോ പെരുന്നാള്‍ അവധി ദിനങ്ങളില്‍ 50 ശതമാനത്തിലധികമോ ജോലി ചെയ്യരുതെന്നും നിബന്ധനയുണ്ട്.
സിവില്‍ സര്‍വീസ്, വിദ്യാഭ്യാസം, ധനകാര്യം എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് വിദ്യഭ്യാസ മേഖലയിലെ തൊഴിലുകളുടെ നിയമാവലി പുതുക്കി നിശ്ചയിക്കുന്നതിനെക്കുറിച്ച് പഠനം നടത്തും. സേവന, വേതന, ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പുതുക്കിയ പട്ടികയും തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചു.