മന്ത്രിസഭ തീരുമാനം വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷണർ

06:13 PM 13/8/2106
download (3)

തിരുവനന്തപുരം: മന്ത്രിസഭ യോഗതീരുമാനങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷണർ. മന്ത്രിസഭായോഗത്തിന്‍റെ അജണ്ട ഉൾപ്പടെയുള്ള എല്ലാ തീരുമാനങ്ങളും വെളിപ്പെടുത്തണമെന്നാണ് കമീഷണറുടെ ഉത്തരവ്. വിവരാവാകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കമീഷണർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യരേഖകളാണെന്നും ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു കാരണവശാലും അത് പുറത്തുവിടരുതെന്നും കേരള സെക്രട്ടേറിയറ്റ് മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് സംസ്ഥാന മുഖ്യവിവരാവകാശ കമീഷണർ വിൻസന്‍റ് എം.പോൾ നേരത്തേ ഉത്തരവിറക്കിയിരുന്നു. വിവരങ്ങള്‍ പത്ത് ദിവസത്തിനകം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കണമെന്നായിരുന്നു വില്‍സന്‍ എം. പോള്‍ ഉത്തരവിട്ടത്.

ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കാനിരിക്കെയാണ് കേന്ദ്ര വിവരാവകാശ കമീഷണറും തീരുമാനങ്ങൾ പുറത്തുവിടണമെന്ന് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കും.