മന്ത്രി ഇ പി ജയരാജനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശകാരിച്ചു

04:01 pm 8/10/2016
images
കണ്ണൂര്‍: ആശ്രിതനിയമനത്തില്‍ മന്ത്രി ഇ പി ജയരാജനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശകാരിച്ചു. വിവാദം സര്‍ക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയെന്നാണ് പിണറായിയുടെ വിലയിരുത്തല്‍. ഇ പി ജയരാജന്‍ രാജിവെക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ആശിത നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. എല്ലാറ്റിനും ഒരുമിച്ച് മറുപടി നല്‍കാമെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
നേതാക്കളുടെ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമച്ചതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. ഇന്നലെ കണ്ണൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് ഇപി ജയരാജനെ വിളിച്ചുവരുത്തിയാണ് പിണറായി ശകാരിച്ചത്. ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന പി കെ ശ്രീമതിയെയും പി ജയരാജനെയും ഒഴിവാക്കിയാണ് ജയരാജനെ ഗസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്‍ മുറിയിലേക്ക് വിളിപ്പിച്ചത്. നിയമന വിവാദം സര്‍ക്കാറിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് പിണറായി, ജയരാജനോട് പറഞ്ഞു. പാര്‍ട്ടിയിലും ജയരാജനെതിരായ നിലപാട് ശക്തമായി.
സ്വാശ്രയത്തിന് പിന്നാലെ ആശ്രിത വിവാദം ആയുധമാക്കാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം. ആശ്രിത നിമയനം നടത്തിയ ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. പി കെ ശ്രീമതിയുടെ മകനും ഇ പി ജയരാജന്റെ ബന്ധുവുമായ പി കെ സുധീറിന്റെ നിയമനം വിവാദത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. നിയമനം റദ്ദാക്കിയാലും ആശ്രിത നിയമനകേസ് നിലനില്‍ക്കുമെന്നാണ് പ്രതിപക്ഷത്തിന് കിട്ടിയ നിയമോപദേശം. നേതാക്കളുടെ മക്കളുടെ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടു. വി എസ് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയപ്പോള്‍ എല്ലാത്തിനും ഒരുമിച്ച് മറുപടി നല്‍കാമെന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി.