മന്ത്രി കെ. ബാബു രാജി പിന്‍വലിച്ചു

images

30/01/2016

തിരുവനന്തപുരം: പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനം പിന്‍വലിക്കുന്നതായി കെ. ബാബു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി തീരുമാനം പിന്‍വലിക്കുന്നതായി ബാബു അറിയിച്ചത്. എന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ഒരു തരത്തിലും അലോസരമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാബു പറഞ്ഞു. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ല എന്ന് നേരത്തെ യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു.

രാജിവെച്ചതിന് ശേഷം നിരവധി പേര്‍ തന്നെ വിളിച്ചിരുന്നു. തന്റെ വക്കീല്‍ കേസുമായി മുന്നോട്ടുപോകാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ താന്‍ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ സ്വീകരിക്കാതിരിക്കാന്‍ സാധിക്കില്ല. തീരുമാനം വ്യക്തിപരമായിരുന്നെങ്കില്‍ ഒരിക്കലും മന്ത്രിസഭയിലേക്ക് വരില്ലായിരുന്നു എന്നും ബാബു കൂട്ടിച്ചേര്‍ത്തു.

ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ബാബു മന്ത്രി സ്ഥാനം രാജിവെച്ചത്. കോടതി ഉത്തരവ് പുറത്തുവന്നതിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ബാബു രാജി പ്രഖ്യാപിച്ചത്. എന്നാല്‍ വിജിലന്‍സ് കോടതി ഉത്തരവ് പിന്നീട് ഹൈകോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു.