കൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദ് 75 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് സോളാര്‍ കമീഷനില്‍ വീണ്ടും സരിത എസ്.നായര്‍. 2011 ഡിസംബറില്‍ മന്ത്രിയുടെ പി.എ കേശവനാണ് കോഴ വേണമെന്ന് അറിയിച്ചത്. കോഴ നല്‍കിയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂവെന്ന് കേശവന്‍ പറഞ്ഞു. ഡിസംബര്‍ ആറിന് വൈകീട്ട് ആര്യാടന്‍ മുഹമ്മദിന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്‌ളാവിലെത്തി ആദ്യ ഗഡുവായ 25 ലക്ഷം നല്‍കി. ബിഗ് ഷോപ്പറില്‍ കൊണ്ടുവന്ന പണം മന്ത്രിക്ക് കൈമാറുകയായിരുന്നു. പിന്നീട് കോട്ടയത്ത് നടന്ന കെ.എസ്.ഇ.ബി എഞ്ചിനിയേഴ്‌സിന്റെ പരിപാടിക്കിടെ 15 ലക്ഷം രൂപയും നല്‍കി. സോളാര്‍ നിക്ഷേപകര്‍ നല്‍കിയ പണമാണ് കോഴയായി നല്‍കിയത്.
പിന്നീട് മന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി. സോളാര്‍ കമീഷനില്‍ സരിതയുടെ ക്രോസ് വിസ്താരം തുടരുകയാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെയാണ് സരിത ഇക്കാര്യങ്ങള്‍ പറഞ്ഞത്. മുമ്പ് പറഞ്ഞ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സരിത പറഞ്ഞു.