മരുമകളുടെ മരണം: ബി.എസ്.പി എം.പി നരേന്ദ്ര കശ്യപ് അറസ്റ്റില്‍

02:47pm 07/04/2016
bsp-mp
ഗാസിയാബാദ്: മരുമകളുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബി.എസ്.പി) എം.പി നരേന്ദ്ര കശ്യപും ഭാര്യയും മകനും അറസ്റ്റില്‍. രാജ്യസഭാംഗമാണ് നരേന്ദ്ര കശ്യപ്. ഇന്നലെയാണ് കശ്യപിന്റെ മരുമകള്‍ ഹിമാന്‍ഷി (26) വെടിയേറ്റ് മരിച്ചത്.

ഹിമാന്‍ഷിയെ സ്ത്രീധനവുമായി ബന്ധപ്പെട്ട് കശ്യപും ഭാര്യയും മകനും പീഡിപ്പിച്ചിരുന്നു എന്ന് ഹിമാന്‍ഷിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃ വീട്ടുകാര്‍ ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

എംപിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗാസിയാബാദ് സിറ്റി എസ്.പി സല്‍മാന്‍ താജ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 498എ (ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ പീഡിപ്പിച്ചു) 304ബി (സ്ത്രീധന മരണം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും സല്‍മാന്‍ താജ് വ്യക്തമാക്കി. ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ഇത്.

ഇന്നലെ രാത്രിയാണ് ഹിമാന്‍ഷുവിന് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നരേന്ദ്ര കശ്യപ് നിഷേധിച്ചു. നരേന്ദ്ര കശ്യപിന്റെ കുടുംബത്തിന്റെ അധീനതയില്‍ രണ്ട് തോക്കുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് എം.പി വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.