മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ആരാണ് കുറ്റവാളി?

09:30 am 14/10/2016

– മണ്ണിക്കരോട്ട്
Newsimg1_10545232
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഒക്ടോബര്‍ സമ്മേളനം 9-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്‌റ്റേറ്റ് ഹാളില്‍ സമ്മേളിച്ചു. ജോസഫ് പൊന്നോലിയുടെ ‘ആരാണ് കുറ്റവാളി?’ എന്ന ലേഖനമായിരുന്നു ചര്‍ച്ചാവിഷയം.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോട് ആരംഭിച്ചു. കൂടിവന്ന എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. അതോടൊപ്പം ചര്‍ച്ചചെയ്യുന്ന വിഷയത്തെക്കുറിച്ച് ചുരുക്കമായി സംസാരിക്കുകയും ചെയ്തു.

തുടര്‍ന്ന് ജോസഫ് പൊന്നോലി ‘ആരാണ് കുറ്റവാളി?’എന്ന വിഷയത്തെക്കുറിച്ചു തയ്യാറാക്കിയ പ്രബന്ധം അവതരിപ്പിച്ചു. അദ്ദേഹം ക്രിമിനല്‍ നിയമം, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ഫൊറന്‍സിക്ക് സയിന്‍സ്, ക്രിമിനോളജി മുതലയാ വിഷയങ്ങള്‍ പഠിക്കുകയും സി.ബി.ഐയിലും കേരളാ പൊലിസിലും ഫൊറന്‍സിക് ലാബുകളിലും കുറ്റാന്വേഷണ വിഭാഗങ്ങളിലും ജോലിചെയ്യുകയും ചെയ്ത വ്യക്തിയാണ്. ഏഴു വര്‍ഷം ചെന്നൈയില്‍ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്നതിനും നിയമിതനായിട്ടുണ്ട്. കുറ്റവാളികള്‍ ആരാണ്? അവര്‍ എങ്ങനെ കുറ്റവാളികളായി? കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ പര്യപ്തമാണോ? എന്നിത്യാദി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ നിറഞ്ഞുനിന്നത്.

“മനുഷ്യജീവിതത്തിന്റെ കറുത്ത വശവും വ്യക്തിജീവിതത്തിന്റെ താളപ്പിഴകളും സമൂഹത്തിലെ അഴുക്കുചാലുകളുമാണ് കുറ്റകൃത്യങ്ങളെ ചൂണ്ടിക്കാണിക്കുന്നത്.” ഈ പ്രസ്താവനയോടെ ആയിരുന്നു അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. ആരാണ് കുറ്റവാളി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റ മറുപടി ഇങ്ങനെ പോകുന്നു. “സമൂഹത്തില്‍നിന്ന് നീതി ലഭിക്കാത്തവര്‍ക്ക് സമൂഹത്തോട് പക വളരാനും അത് കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനും എളുപ്പമാണ്. കെട്ടുറപ്പില്ലാത്ത കുടുംബങ്ങളും കുറ്റവാളികളെ സൃഷ്ടിക്കുന്നു. കുറ്റവാളികളെ സൃഷ്ടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നമ്മള്‍ ഓരോരുത്തരുമാണ്, നമ്മുടെ സമൂഹമാണ്”. തുടര്‍ന്ന്, കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനും നീതിന്യായ വ്യവസ്ഥിതിയുടെ കാര്യക്ഷമത, നിയമങ്ങള്‍, കുറ്റാന്വേഷണ സംവിധാനം, പ്രോസിക്യൂഷന്‍, കോടതി, ശിക്ഷ നടപ്പാക്കാന്നുതിനുള്ള സംവിധാനങ്ങള്‍, ജയില്‍ അങ്ങനെ കുറ്റവും ശിക്ഷയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും കാര്യക്ഷമമാക്കണം. കൂടാതെ കുറ്റകൃത്യങ്ങളില്‍ ഇരയാകുന്നവരെ സംരക്ഷിക്കേണ്ട ചുമതലയും സമൂഹത്തിനുണ്ടെന്ന് പൊന്നോലി അറിയിച്ചു.

തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു വിഷയം വളരെ തന്മയത്തോടെ, ഉദാഹരണങ്ങള്‍ സഹിതം പൊന്നോലി അവതരിപ്പിച്ചതായി സദസ്യര്‍ അഭിപ്രായപ്പെട്ടു. കുറ്റം, കുറ്റവാളി, സമൂഹം ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പ്രബന്ധം തെളിയിക്കുന്നു. പഠനാര്‍ഹമായ ഒരു പ്രബന്ധമാണ് പൊന്നോലി അവതരിപ്പിച്ചതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, കുര്യന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, സജി പുല്ലാട്, തോമസ് തയ്യില്‍, ടി.എന്‍. സാമുവല്‍, ടോം വിരിപ്പന്‍, ജി. പുത്തന്‍കുരിശ്, തോമസ് വര്‍ഗ്ഗീസ്, തോമസ്കുട്ടി വൈക്കത്തുശ്ശേരി, ജെയിംസ് ചാക്കൊ, ജോര്‍ജ് ഏബ്രഹാം, ജോസഫ് പൊന്നോലി, നൈനാന്‍ മാത്തുള്ള, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളില്‍, ജോര്‍ജ് മണ്ണിക്കരോട്ട്, എന്നിവര്‍ സജീവമായി പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സെമിനാര്‍ പര്യവസാനിച്ചു. മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം നൊവംബര്‍ 13-നു നടക്കുന്നതാണ്.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217