മലയാളഭാഷയുടെ വികാസപരിണാമങ്ങള്‍, ഹൂസ്റ്റന്‍ മലയാളം സൊസൈറ്റിയില്‍ സെമിനാര്‍ – മണ്ണിക്കരോട്ട്

09:39am 01/7/2016
Newsimg1_39241100
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’ ഒരു പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു.

ജൂണ്‍ 25-ന് വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ എഡ്വിന്‍ എന്‍.സി.എല്‍.ഇ.എക്‌സ്. റിവ്യു സെന്ററിലയിരുന്നു പ്രസ്തുത സെമിനാര്‍. ശ്രീ ശങ്കരാചാര്യ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി അസി. പ്രൊഫ. ഡോ. ഓമന റസ്സല്‍ ആയിരുന്നു പ്രഭാഷക.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സെമിനാര്‍, ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സ്വാഗത പ്രസംഗത്തില്‍ മണ്ണിക്കരോട്ട് മലയാളം സൊസൈറ്റിയെക്കുറിച്ച് ചുരുക്കമായി സംസാരിക്കുകയും മുഖ്യാതിഥിയും പ്രഭാഷകയുമായ ഡോ. ഓമന റസ്സലിനും സദസ്യര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ തുടക്കമായി, അടുത്ത സമയത്ത് ഹ്യൂസ്റ്റന്‍ കമ്മ്യുണിറ്റി കോളെജില്‍നിന്ന് ഓണ്‌ററി ഡിഗ്രി നേടിയ പൊന്നു പിള്ളയെ ആദരിക്കുന്നതിന്റെ ഭാഗമായി ജി. പുത്തന്‍കുരിശ് അവര്‍ ചെയ്യുന്ന സാമൂഹ്യ-സാംസ്‌ക്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചുരുക്കമായി പ്രസംഗിച്ചു. തുടര്‍ന്ന് മണ്ണിക്കരോട്ട് പൊന്നു പിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു. മറുപടി പ്രസംഗത്തില്‍ പൊന്നു പിള്ള അവരുടെ പൊതുപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചുരുക്കമായി സംസാരിച്ചു.

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ പ്രസിഡിന്റ് ഏബ്രഹാം ഈപ്പന്‍ ആശംസാ പ്രസംഗം നടത്തി. തുടര്‍ന്ന് ഡോ. ഓമന റസ്സലിനെ നൈനാന്‍ മാത്തുള്ള പരിചയപ്പെടുത്തി. ചരിത്രം, സാമൂഹികശാസ്ത്രം, ധനതത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും കൂടാതെ എം.ഫിലും പിന്നെ ചരിത്രത്തില്‍ പിഎച്ച്ഡിയും നേടിയിട്ടുള്ള ഓമന റസ്സല്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത കോളെജില്‍ അസ്സോഷിയേറ്റഡ് പ്രൊഫസറാണ്. ചരിത്ര വിഷയത്തില്‍ അവര്‍ നിരവധി ഗവേഷണ രചനകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ഡോ. റസ്സല്‍ മലയാളഭാഷയുടെ വികാസ പരിണാമങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം ആരംഭിച്ചു. ഭാഷയുടെ ഉല്‍പത്തി മുതല്‍ ആരംഭിച്ച് ഇന്നത്തെ സ്ഥിതിവരെ വളരെ സംക്ഷിപ്തമായിട്ടെങ്കിലും എല്ലാവര്‍ക്കും മനസിലാകത്തക്ക വിധത്തില്‍ വിശദീകരിച്ചു. തുടക്കത്തില്‍ മനുഷ്യര്‍ കുലങ്ങളായും ഗോത്രങ്ങളായും ജീവിച്ചിരുന്നു. അവരുടെ ആശയ വിനിമയം ഓരോരുത്തര്‍ക്കും ഓരോ വിധത്തിലുള്ള മൊഴികളിലൂടെയായിരുന്നു. അതായത് ഡയലക്റ്റ്. ക്രമേണ വ്യത്യസ്ഥ ഗോത്രങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുകയും അതിലൂടെ പല ഗോത്രങ്ങള്‍ക്കും മനസിലാകത്തക്ക വിധത്തില്‍ ഒരു പൊതുവായ ഭാഷ രൂപപ്പെടുകയും ചെയ്തു. വ്യത്യസ്ഥമായ പല ഗോത്രങ്ങളുടെ സമ്പര്‍ക്കത്തോടെ തെക്കെ ഇന്ത്യയില്‍ ദ്രാവിഡഗോത്രം രൂപപ്പെടുകയും ചെയ്തു. ക്രമേണ തമിഴ് അമ്മയും മലയാളം പുത്രിയുമായി മലയാളം രൂപപ്പെടുകയായിരുന്നു.

രണ്ടായിരം വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടെങ്കിലേ ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുകയുള്ളു. മലയാള ഭാഷയുടെ പഴക്കത്തെക്കുറിച്ച് കേരളത്തില്‍നിന്നുതന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഭാഷ ഒരിക്കലും ഒരുപോലെ നില്‍ക്കുന്നില്ല. സ്വയമായും ജനങ്ങളുടെ ആവശ്യാനുസരണവും മറ്റ് ഭാഷകളുടെ സ്വാധീനത്തോടും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മലയാളം തമിഴില്‍നിന്ന് സ്വതന്ത്രമായപ്പോള്‍ സംസ്‌കൃതത്തിന്റെ സ്വാധീനമായി. മറ്റ് പല ഭാഷകളില്‍നിന്ന് വാക്കുകള്‍ മലയാളത്തില്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇംഗ്ലീഷിന്റെ സ്വാധീനമാണ് ഏറെയും. ഇംഗ്ലീഷിന്റെ സ്വാധീനം മലയാളത്തിന്റെ തനതായ സത്വത്തെതന്നെ മാറ്റി മറിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട പ്രഭാഷണത്തിനുശേഷം സദസ്യരുടെ ചോദ്യങ്ങളുടെ സമയമായിരുന്നു. ടി.എന്‍. ശാമുവല്‍ ആയിരുന്നു മോഡറേറ്റര്‍. ഭാഷയുടെ വിവിധ മാറ്റങ്ങളെക്കുറിച്ചായിരുന്നു കൂടുതലും ചോദ്യം. എഴുത്തച്ഛന്‍ മലയാള ഭാഷയുടെ പിതാവ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് സദസ്യരില്‍നിന്ന് ചിലരെങ്കിലും അഭിപ്രായവ്യത്യാസം രേഖപ്പെടുത്തി. ഭക്തകവിയായിരുന്ന എഴുത്തച്ഛന്റെ രചനകള്‍, അന്നത്തെ സവര്‍ണ്ണ മേധാവികളെ സന്തോഷിപ്പിക്കുകയും അതിലൂടെ ആയിരിക്കാം ഇത്തരത്തില്‍ ഒരു പദവി എഴുത്തച്ഛന് ലഭിച്ചതെന്നും അഭിപ്രായമുണ്ടായി. ശ്രേഷ്ഠഭാഷാ പദവിയായിരുന്നു വിവാദമായ മറ്റൊരു ചര്‍ച്ചാ വിഷയം. അത് 100 കോടി കയ്യടക്കാനുള്ള അമിത ശ്രമത്തിന്റെ ഫലമാണെന്ന് ചിലരില്‍നിന്നെങ്കിലും അഭിപ്രായമുണ്ടായി.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സെമിനാര്‍ പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം ആഗസ്റ്റ് 14-നു നടക്കുന്നതാണ്.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217