മലയാളികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍കൂടി അറസ്റ്റില്‍

06:40 PM 23/07/2016
images
മുംബൈ: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. താണെ ജില്ലയിലെ കല്യാണ്‍, ബസാര്‍ പത്തേ് നിവാസി റിസ്വാന്‍ ഖാനെയാണ് മഹാരാഷ്ട്ര എ.ടി.എസിന്‍റ സാന്നിധ്യത്തില്‍ കേരള പൊലീസ് സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച മുതല്‍ റിസ്വാനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരുകയായിരുന്നുവെന്നാണ് വിവരം. സാക്കിര്‍ നായികിന്‍െറ ഇസ് ലാമിക് റിസര്‍ച് ഫൗണ്ടേഷനില്‍ സന്നദ്ധ പ്രവര്‍ത്തകനാണ് റിസ്വാന്‍.

വ്യാഴാഴ്ച നവിമുംബൈയിലെ നെരൂളില്‍ നിന്ന് അര്‍ഷി ഖുറൈശിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എ.ടി.എസ്, കേരള പൊലീസ് സംയുക്ത സംഘം കല്യാണില്‍ തെരച്ചിലുകള്‍ നടത്തിയിരുന്നു. ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹ്യയുടെ ഭാര്യ മെര്‍ലിന്‍ എന്ന മറിയത്തെ നിര്‍ബന്ധിച്ച് ഇസ് ലാമില്‍ ചേര്‍ത്തെന്നും തടവില്‍ പാര്‍പ്പിച്ചിരുക്കുകയാണെന്നുമാണ് അര്‍ഷി ഖുറൈശിക്ക് എതിരെയുള്ള ആരോപണം. മെര്‍ലിന്‍െറ സഹോദരന്‍ എബിന്‍ ജേക്കബാണ് ആരോപണമുന്നയിച്ചത്. യഹ്യയും മെര്‍ലിനും ഐ.എസില്‍ ചേര്‍ന്നെന്നാണ് സംശയമുന്നയിക്കപ്പെട്ടത്.

കാണാതായ യഹ്യയും മെര്‍ലിനുമായി അര്‍ഷി ഖുറൈശി ബന്ധപ്പെട്ടതിന് സാങ്കേതിക തെളിവുകളുണ്ടെന്നാണ് എ.ടി.എസ് വൃത്തങ്ങള്‍ പറയുന്നത്. തെളിവുകള്‍ നിരത്തിയതോടെ ബന്ധം പുലര്‍ത്തിയിരുന്നതായി അര്‍ഷി ഖുറൈശി സമ്മതിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതിന് സ്ഥിരീകരണമില്ല. ആലുവ ഡി.വൈ.എസ്.പി റുസ്തമിന്‍റ നേതൃത്വത്തിലെത്തിയ ആറംഗ കേരള പൊലീസ് സംഘമാണ് മുംബൈയില്‍ തങ്ങി അന്വേഷണം നടത്തുന്നത്. അറസ്റ്റിലായവരെ കേരളത്തിലേക്ക് കൊണ്ടു പോകുന്നത് ഇന്ന് തീരുമാനിക്കും.

അതേസമയം, ഡോ. സാക്കിര്‍ നായിക്കിന്‍െറയും ഇസ് ലാമിക് റിസര്‍ച്ച് സെന്‍ററിന്‍െറയും പ്രവര്‍ത്തനങ്ങളില്‍ ദേശവിരുദ്ധ വിഷയങ്ങളുണ്ടോ എന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ അര്‍ഷി ഖുറൈശിയുടെ അറസ്റ്റ് വിവരവും മറ്റ് കേരള പൊലീസ് നല്‍കുന്ന വിവരങ്ങളും ഉള്‍പ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് സമര്‍പ്പിക്കുമെന്ന് മുംബൈ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സാക്കിര്‍ നായികിന്‍റ പ്രസംഗങ്ങളില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടെങ്കിലും ദേശവിരുദ്ധമായ ഒന്നും കണ്ടത്തൊനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ടിന് ഒപ്പമാണ് പുതിയ വിവരങ്ങള്‍ ചേര്‍ക്കുക.