മലയാളികള്‍ തന്നെ ആ ദുരന്തത്തിന് കാരണം…..

09:32am 26/7/2016

(സിനിമ നിരൂപണം: മുബ് നാസ് കൊടുവള്ളി)

download
അമ്മയോടാണോ തൊട്ടടുത്ത വീട്ടിലെ ചേച്ചിയോടാണോ നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം? ഈ ചോദ്യം കേട്ടിട്ട് ഇത് ചോദിച്ച ഞാന്‍ എന്തൊരു വിഡ്ഢിയാണെന്ന് നിങ്ങളില്‍ പലര്‍ക്കും തോന്നുന്നുണ്ടാകും. അല്ലെ? തികച്ചും അപ്രസക്തവും യുക്തിരഹിതവുമായ ഒരു ചോദ്യമാണിതെന്ന് എനിക്കും അറിയാം, പക്ഷെ ഈ ചോദ്യം ഞാനിപ്പോള്‍ ചോദിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് മനസ്സിലാക്കിയാല്‍ നിങ്ങളില്‍ കുറച്ച് പേര്‍ക്കെങ്കിലും ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ ശുദ്ദിയെ അംഗീകരിക്കാന്‍ കഴിയും. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് രജനികാന്ത് നായകനായ “കബാലി” എന്നൊരു തമിഴ് സിനിമ ലോകമെമ്പാടും റിലീസ് ചെയ്ത വിവരം എല്ലാവരും അറിഞ്ഞ് കാണുമല്ലോ? ഒരുപക്ഷേ ഇന്ത്യയുടെ സിനിമാ ചരിത്രത്തിലാദ്യമായിരിക്കും ഒരു സിനിമക്ക് ഇത്രയേറെ വാര്‍ത്താ പ്രാധാന്യവും പ്രചാരവും ലഭിക്കുന്നത്. സിനിമാ വ്യവസായ മേഖലയിലും കലാ സാംസ്കാരിക രംഗത്തും അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റത്തേയും മുന്നേറ്റത്തേയും വളരെ അഭിമാനപുരസരം തന്നെ നമുക്ക് സ്വാഗതം ചെയ്യാം.

ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് സ്‌ക്രീനുകളിലാണത്രെ “കബാലി” റിലീസ് ചെയ്തത്!. ലോകത്തെ തല്‍ക്കാലം നമുക്ക് മറക്കാം, ഇന്ത്യയും അല്‍പ നേരം മാറി നില്‍ക്കട്ടെ, നമുക്ക് കേരളത്തിന്റെ കാര്യം പറയാം. കേരളത്തില്‍ മൊത്തം 306 സ്‌ക്രീനിലാണ് കബാലി പെയ്തിറങ്ങിയത്. (ആകെ ഉള്ളത് 400 ഓളം സ്നക്രീനുകളാണ് എന്നത് വിസ്മരിക്കരുത്). ഇതൊരു ചരിത്രവും റെക്കോര്‍ഡുമാണ്. മുമ്പ് ഒരു മലയാള സിനിമക്ക് പോലും ഇത്രയുമധികം തിയേറ്റര്‍ കിട്ടിയിട്ടില്ല. എന്നിട്ടും ഒരു അന്യഭാഷാ ചിത്രത്തിന് ഇത്രയേറെ സ്വീകാര്യതയും ആര്‍പ്പു വിളികളും കിട്ടുന്നുവെങ്കില്‍ അത് എന്ത് കൊണ്ടാണ്? ആലോചിച്ചിട്ടുണ്ടോ? കഴിഞ്ഞ കുറച്ച് കാലങ്ങളായി “കബാലി” എന്ന ചിത്രത്തിന് കിട്ടിക്കൊണ്ടിരുന്ന ടെലിവിഷന്‍ മാധ്യമ പ്രചാരവും ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ മീഡിയയുടെ ഇടപെടലും കൊണ്ടായിരിക്കുമെന്ന് വേണമെങ്കില്‍ നമുക്ക് അനുമാനിക്കാം. എന്നാല്‍ ഈ മാര്‍ക്കറ്റിംഗും പരസ്യങ്ങളുമൊന്നും എന്ത്കൊണ്ട് മലയാള സിനിമക്ക് കിട്ടുന്നില്ല അല്ലെങ്കില്‍ മലയാള സിനിമ പ്രവര്‍ത്തകര്‍ എന്ത്കൊണ്ട് ഇതേ തന്ത്രങ്ങള്‍ മെനയുന്നില്ല എന്ന ചോദ്യം വളരെ പ്രസക്തമാണ്. അത് എന്നെപോലെയുള്ള മലയാളി കലാസ്വാദകരെ
വല്ലാതെ അസ്വസ്ഥരാക്കുന്നുമുണ്ട്. കലക്ക് ഭാഷയില്ല, ദേശമില്ല, ഇതിനൊക്കെ അതീതമാണ് കലയും കലാകാരന്മാരും. ശരിയാണ്; സമ്മതിക്കുന്നു. പ്രായ ദേശ ജാതി മത വ്യത്യാസമില്ലാതെ കലയെ ആസ്വദിക്കുകയും കലാകാരന്മാരെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഇതൊക്കെ നമ്മള്‍ ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്.

ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, ഒരു വള്ളം അതില്‍ നമ്മുടെ വീട്ടിലെ മൂന്ന് പേര്‍ യാത്ര ചെയ്യുന്നു. (അത് നമ്മുടെ മക്കളോ മാതാപിതാക്കളോ ഭാര്യാ ഭര്‍ത്താവോ സഹോദരീ സഹോദരന്മാരോ ആരുമാകാം). അപ്പോഴാണ് അടുത്ത നാട്ടിലുള്ള ഒരാള്‍ വള്ളത്തില്‍ കയറാന്‍ വന്നത്. വള്ളത്തിന്റെ ഒരു മൂലയില്‍ അയാള്‍ക്കും ഇടം കൊടുക്കുന്നതില്‍ തെറ്റില്ല, കൊടുക്കുകയും വേണം. എന്നു വെച്ച് നടുക്കടലില്‍ നമ്മുടെ വീട്ടുകാരെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് ആ അന്യദേശക്കാരന് ആരെങ്കിലും ഇടം കൊടുക്കുമോ? ഞാന്‍ എന്ത് തന്നെയായാലും കൊടുക്കില്ല. നിങ്ങളില്‍ ഭൂരിഭാഗം പേരും എന്നെ പോലെ ചിന്തിക്കുന്നവരായിരിക്കും. പക്ഷെ മറിച്ച് ചിന്തിക്കുന്നവരും ഉണ്ട്. “കബാലി” എന്ന വലിയ സിനിമക്ക് വേണ്ടി കസബ എന്ന അച്ഛനെയും “അനുരാഗ കരിക്കിന്‍ വെള്ളം, കരിക്കുന്നം 6 S ” എന്ന രണ്ട് മക്കളേയുമാണ് അവര്‍ കൊലപ്പെടുത്തിയത് അല്ലെങ്കില്‍ കൊല്ലാന്‍ ശ്രമിച്ചത്. അഴലിന്റെ ആഴങ്ങളിലേക്ക് മുങ്ങി താണ് കൊണ്ടിരിക്കുന്ന ഈ മലയാള സിനിമകള്‍ ഒരു പക്ഷെ ജീവിതത്തിലേക്ക് തിരിച്ചു വന്നേക്കാം ഇല്ലെങ്കില്‍ എന്നെന്നേക്കുമായി ആഴങ്ങളില്‍ തന്നെ നിന്ന് മരണം വരിച്ചേക്കാം. അത് എന്ത് തന്നെയായാലും ആ ഹീന പ്രവര്‍ത്തി കാണിച്ച
ഓരോരുത്തരും തെറ്റുകാരും കുറ്റക്കാരുമാണ്. “കബാലി” എന്ന ശരാശരിയിലും താഴെയുള്ള ഒരു ചിത്രം വെറും രണ്ടോ മൂന്നോ ദിവസം കൊണ്ട് കേരളത്തില്‍ നേടുന്ന കളക്ഷന്‍ ശരാശരിയിലും മുകളിലുള്ള ഒരു മലയാള സിനിമക്ക് പോലും കിട്ടുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കടവും വേദനയും അതെനിക്കിവിടെ എഴുതിയറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഇതിന് നാമെല്ലാവരും ഉത്തരവാദികളാണ്. അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിനെടുക്കുന്ന ഡിസ്ട്രിബ്യൂടേര്‍സ് മുതല്‍ തുടങ്ങുന്നു ലിസ്റ്റുകളുടെ നിര. അന്യ ഭാഷ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ അനുവദിച്ച് കൊടുക്കുന്ന ടാക്കീസ് ഉടമകള്‍, ആവശ്യത്തിനും അനാവശ്യത്തിനും വാര്‍ത്താ പ്രാധാന്യം നല്‍കി ആ സിനിമയെ എന്തോ മഹാ സംഭവമാക്കി മാറ്റാന്‍ വേണ്ടി ഘോര പ്രസംഗവും ഛര്‍ദിക്കലും പരസ്യ പ്രചാരണവും നടത്തുന്ന ചില ടെലിവിഷന്‍ മാധ്യമ ശിഖണ്ഡികള്‍, താരാരാധന എന്ന പേരില്‍ മദം ഇളകിയ ആനകളെ പോലെ സിനിമാ റിലീസ് സമയത്ത് തിയേറ്ററില്‍ അഴിഞ്ഞാടുന്ന ചില എമ്പോക്കികള്‍, ആദ്യ ദിനം തന്നെ പടം കാണാന്‍ പാലാഭിഷേകവും പാല്‍പ്പായസവുമായി കട്ടൗട്ടിന്റെ മുകളില്‍ കയറുന്ന മറ്റു ചില അസുരവിത്തുക്കള്‍
(സ്വന്തം അമ്മക്ക് ഒരു ഗ്ളാസ് വെള്ളം കൊടുക്കാത്തവരായിരിക്കും ഇവരെന്ന് ഓര്‍ക്കണം). ഭാര്യയേയോ ഭര്‍ത്താവിനെയോ കഴുത്തു ഞെരിച്ച് കൊന്നു വീട്ടിലിരിക്കുന്ന പൊന്നും പണവും എടുത്തു കാമുകന്റെയോ കാമുകിയുടെയോ കൂടെ ഒളിച്ചോടി പോകുന്ന പ്രേമ, കാമ ദാഹികളായ ചില വൃത്തികെട്ട ഇരുകാലി മൃഗങ്ങളുമായേ മേല്‍ പറഞ്ഞ വിഭാഗത്തെ ഞാന്‍ ഉപമിക്കുകയുള്ളൂ.

ഇത്രയൊക്കെ തൊണ്ട കീറി ആര്‍ത്ത് വിളിക്കാന്‍ എന്ത് തേങ്ങയാണ് ഈ ചിത്രങ്ങളിലൊക്കെയുള്ളത്? “കബാലി, ഐ, തെറി”. ഈ മൂന്ന് പടങ്ങളാണ് അടുത്ത കാലത്തായി കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം വാരിയത്. ഈ സിനിമകള്‍ ആരെങ്കിലും കണ്ടിട്ടുണ്ടെകില്‍ അറിയാം. ശരാശരി ലോജിക്കോ യുക്തിക്ക് നിരക്കുന്ന കഥയോ ഒന്നും ഇതിലൊന്നുമില്ല. ഇതൊക്കെ വെച്ച് നമ്മളെ സിനിമയെ താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. അത്രക്കും മുകളിലാണ് മലയാള സിനിമയുടെ സ്ഥാനം. എന്നിട്ടും നമ്മളുടെ പടങ്ങളുടെ കളക്ഷനേക്കാള്‍ എത്രയോ മുകളിലാണ് ഈ പറഞ്ഞ തമിഴ്ചിത്രങ്ങളുടെ സ്ഥാനം. ഒരു മലയാള സിനിമ പോലും തമിഴ്‌നാട്ടില്‍ വലിയ രീതിയില്‍ വിജയിക്കുന്നില്ല. മലയാള സിനിമയുടെ റിലീസ് പോലും തമിഴ്നാട്ടുകാര്‍ അറിയുന്നില്ല. ‘പ്രേമം’ എന്ന സിനിമ തമിഴ്‌നാട്ടില്‍ 300 ദിവസം ഓടിയത് ആഖ്യാന രീതിയിലുള്ള പൊരുത്തമോ അവതരണ രീതിയിലെ പുതുമയോ കൊണ്ടാണ്. അല്ലാതെ നിവിന്‍ പോളിയോടും സായ് പല്ലവി (മലര്‍) യോടുമുള്ള ആരാധനകൊണ്ടോന്നും അല്ല. അങ്ങനെയായിരുന്നെങ്കില്‍ നിവിന്‍ പോളിയുടെ ‘ആക്ഷന്‍ ഹീറോ ബിജുവും ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യവും’ , സായ് പല്ലവി (മലര്‍) യുടെ ‘കലിയും’ തമിഴ്‌നാട്ടില്‍ വിജയിച്ചേനെ.
ഈ സിനിമകള്‍ 300 ദിവസം പോയിട്ട് 30 ദിവസം പോലും ഓടിയിട്ടില്ല. ഇങ്ങനൊരു പടം ഇറങ്ങിയത് പോലും പലരും അറിഞ്ഞ് കാണില്ല. തമിഴ്‌നാടും കര്‍ണാടകയും പോലുള്ള സംസ്ഥാനങ്ങളില്‍ മലയാള സിനിമയെ വേണ്ട രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാതിരിക്കുന്നതും അന്യ ദേശത്ത്‌ നമ്മുടെ സിനിമകള്‍ ശ്രദ്ധിക്കാതെ പോകുന്നതിന് ഒരു പ്രധാന കാരണമാണ്. മറ്റു ഭാഷ സിനിമകള്‍ തീരെ കാണരുതെന്നല്ല പറഞ്ഞത്. നല്ല സിനിമകള്‍ ഏതു ഭാഷയിലാണെങ്കിലും കാണണം, അത് പക്ഷെ പ്രേക്ഷകരുടെ അന്ധമായ താരാരാധനയെ മുതലെടുക്കുന്നവരുടെ സിനിമക്കാക്കരുത്. ഇവിടെ നമ്മള്‍ തന്നെ നമ്മുടെ നാശത്തിനുള്ള കീടങ്ങളാകുകയാണ് ചെയ്യുന്നത് .

മമ്മൂട്ടിയും മോഹന്‍ലാലും 2 വില്ലന്മാരെ പോലും ഒറ്റക്ക് നേരിടാന്‍ പാടില്ല. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ അതിനെ നിരൂപിക്കാനും കൂവി വിളിക്കാനും ചില കുരങ്ങന്മാന്‍ പിറവിയെടുക്കും: “ആ കിളവന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും അഭിനയം നിര്‍ത്തിക്കൂടെ? എന്ത് ബോറാണ് അവര്? എന്തൊക്കെയാണ് അവര് കാട്ടിക്കൂട്ടുന്നത്?” ഇതും പറഞ്ഞ് ആ നിരൂപകര്‍ നേരെ കേറുന്നത് തമിഴ് സിനിമക്കോ തെലുഗ് സിനിമക്കോ ആയിരിക്കും എന്നിട്ട് അവിടെ രജനിയോ ചിരഞ്ജീവിയും ചെയ്യുന്നത് കണ്ട് കയ്യടിക്കും, അര്‍മാദിക്കും. എന്തൊരു ദുരന്തമാണ് ഇവറ്റകള്‍! നാണമില്ലാത്ത വര്‍ഗ്ഗങ്ങള്‍! ചോറു ഇവിടെയും കൂറ് വേറൊരു സ്ഥലത്തും!. മലയാളികള്‍ക്ക് ബുദ്ധിയല്ല, അതിബുദ്ധിയാണ്. ബുദ്ധിയില്ലായ്മയേക്കാളും ദോഷം ചെയ്യും അതി ബുദ്ധി. അത് തന്നെയാണ് നമ്മുടെ വലിയൊരു പ്രശ്നവും. അതിബുദ്ധി കാരണമാണ് പണ്ടൊരുത്തന്‍ കേരളത്തില്‍ ഒരു സിനിമ ഇറക്കി കോടികള്‍ ഉണ്ടാക്കിയത്. ഓര്‍മയില്ലേ? നമ്മളെ സന്തോഷ് പണ്ഡിറ്റ്? അദ്ദേഹം പൊട്ടനാണ്, ഊളയാണ്, അദ്ദേഹത്തിന്റെ സിനിമ മോശമാണ്. കൂവണം, കൂവി കൂവി പടം പൊട്ടിക്കണം എന്നൊക്കെ പറഞ്ഞ് തിയേറ്ററില്‍ പോയി കുറെ കൂവി. ശരിക്കും ആരാ പൊട്ടന്മാരെന്ന് പിന്നീട്
കേരളം കണ്ടു . സ്വന്തം കയ്യിലെ പൈസ കൊടുത്തു തിയേറ്ററില്‍ പോയി കൂവിയാലോ കാറിയാലോ അട്ടഹസിച്ചാലോ അയാള്‍ക്കെന്താ? അയാള്‍ക്ക് ടിക്കറ്റിന്റെ പൈസ കിട്ടുന്നുണ്ടല്ലോ?. പക്ഷെ ആ കൂവുന്നവര്‍ സ്വന്തം കീശയിലെ പണം കൊടുത്താണ് കൂവാന്‍ പോകുന്നതെന്ന് അറിയാഞ്ഞിട്ടോ ഓര്‍മയില്ലാഞ്ഞിട്ടോ അല്ല , അതാണ് നമ്മള്‍, അങ്ങനെയാണ് മലയാളികള്‍. അതിബുദ്ധി!,

ശത്രുവിന്റെ ശത്രു മിത്രമാണ്! ഫാന്‍സ്‌ കാരണമാണ് ഭൂരിഭാഗം സിനിമകലും ഇവിടെ നശിക്കുന്നത്. കസബ ഇറങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ അതിനെതിരെ തിരിഞ്ഞു. അതൊരു ശരാശരി ചിത്രമായിരുന്നെങ്കിലും മോഹന്‍ലാല്‍ ഫാന്‍സ്‌ അതിനെതിരെ ഫെയ്‌സ്ബുക്കിലും അല്ലാതെയും ഘോര പ്രസംഗം നടത്തി.അപ്പോഴാണ്‌ അവര്‍ക്കു “കബാലി” എന്ന തുറുപ്പു ചീട്ട് കിട്ടിയത്.(കബാലിയും കസബയും തമ്മിലുള്ള ബോക്സ് ഓഫിസ് ശത്രുതയാണ് ഉദ്ദേശിച്ചത്). അങ്ങനെ മോഹന്‍ലാല്‍ ഫാന്‍സ്‌ എല്ലാവരും കൂടി കബാലിക്ക് സപ്പോര്‍ട് കൊടുത്തു. കസബയെ താറടിക്കാനുള്ള ഒരു അവസരം അവരും മുതലാക്കി. മമ്മൂട്ടി ഫാന്‍സും ഇത് തന്നെ ചെയ്യുന്നു. ഇവരാണ് മലയാള സിനിമയുടെ യഥാര്‍ത്ഥ ശാപങ്ങള്‍!. ഇതിനൊരു പരിഹാരം കാണണമെങ്കില്‍ മോഹന്‍ലാലിന്റെ സിനിമ മമ്മൂട്ടിയും മമ്മൂട്ടിയുടെ സിനിമ മോഹന്‍ലാലും നിര്‍മ്മിക്കണം. എന്നാല്‍ കുറേയെങ്കിലും ഈ ഫാന്‍ ഫൈറ്റ് ഇല്ലാതാകും.

ഒരു ചിത്രത്തിന് കിട്ടുന്ന ആദ്യ ദിവസങ്ങളിലെ ഇനിഷ്യല്‍ കളക്ഷനുകളാണ് ആ പടത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. സാമാന്യം വലിയ രീതിയില്‍ ഒരുപാട് തിയേറ്ററില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ ആ സിനിമ നല്ല രീതിയില്‍ വിജയിക്കുകയും നിര്‍മാതാവ് രക്ഷപ്പെടുകയും ചെയ്യും. ഇനിയെങ്കിലും നമ്മള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. എല്ലാ പടങ്ങള്‍ക്കും വൈഡ് റിലീസ് അനുവദിക്കുക. എല്ലാ ചിത്രങ്ങള്‍ക്കും മാക്സിമം പബ്ലിസിറ്റി കൊടുത്തു ആദ്യ ദിനങ്ങളില്‍ തന്നെ ആളുകളെ തിയേറ്ററിലേക്ക് അടുപ്പിക്കുക. അന്യ ഭാഷാ ചിത്രങ്ങള്‍ക്ക് വേണ്ടി നമ്മുടെ സിനിമയെ തൊഴിച്ച് മൂലക്കിടാതിരിക്കുക. മാതൃഭാഷയോളം വരില്ല വേറൊരു ഭാഷയും. പെറ്റമ്മയോളം വരുമോ പോറ്റമ്മ? നമ്മുടെ ഭാഷക്ക് അമ്മയുടെ സ്ഥാനമുണ്ട്. മാതൃ ഭാഷ (Mother Toungue) എന്ന പേരിട്ടതും അത് കൊണ്ട് തന്നെയാണ്. അമ്മയെ പോലെ കാണാന്‍ വേണ്ടി. ഇല്ലായിരുന്നെങ്കില്‍ “എന്റെ ഭാഷ അല്ലെങ്കില്‍ സ്വന്തമായ ഭാഷ” എന്നൊക്കെ പേരിട്ടാല്‍ മതിയായിരുന്നല്ലോ? അത്കൊണ്ട് ആ പേരിന് അര്‍ഹമായ സ്ഥാനവും വിലയും മഹത്വും കൊടുക്കുക.നിലവാരം കുറഞ്ഞ അന്യഭാഷാ സിനിമകള്‍ക്ക് വേണ്ടി നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ മലയാള സിനിമയെ തകര്‍ക്കാതിരിക്കുക്ക. അന്ധമായ താരാധന വളര്‍ത്തിയെടുക്കാതിരിക്കുക. അത് കലയുടെ നിലാവാരത്തെ സാരമായി ബാധിക്കും,, ആ താരങ്ങള്‍ക്ക് വേണ്ടി തെറ്റായ നിലപാട് സ്വീകരിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും. നിലവാരം കുറഞ്ഞ അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് എത്ര കോടി പെട്ടിയിലാക്കി കൊണ്ട് പോയാലും ഞാന്‍ അഭിമാനത്തോടെയും തെല്ല് അഹങ്കാരത്തോടെയും പറയും: “എന്റെ ടിക്കറ്റിന്റെ പൈസ ആ പെട്ടിയിലുണ്ടാവില്ലെന്ന്”.

(മുബ് നാസ് കൊടുവള്ളി)